//
17 മിനിറ്റ് വായിച്ചു

“കൊളച്ചേരി ബാങ്കിനെതിരായ സിപിഎമ്മിന്റെ ഹാലിളക്കം ദുരുദ്ദേശ്യപരം”: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: ക്ഷേമപെന്‍ഷനുകള്‍ യഥാസമയം വിതരണം ചെയ്യുന്നതുള്‍പ്പെടെ സഹകരണമേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കൊളച്ചേരി സര്‍വീസ് സഹകരണബാങ്കിനെ ലക്ഷ്യം വെച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നിരന്തരം നടത്തുന്ന പ്രചരണത്തിനു പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് .

പെന്‍ഷന്‍ വാങ്ങുന്ന ഒരാള്‍ പോലും ബാങ്കിനെതിരേ പരാതി പറഞ്ഞിട്ടില്ലെന്നിരിക്കേ സിപിഎം ജില്ലാ സെക്രട്ടറി ബാങ്കിനെതിരേ നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ രാഷ്ട്രീയമായ വിരോധം വെച്ചു മാത്രമാണ്. ഇതേ പ്രദേശത്ത് സിപിഎം നിയന്ത്രണത്തിലുള്ള റൂറല്‍ ബാങ്ക് ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ വരുത്തുന്ന കാലതാമസവും അലംഭാവവും മറച്ചു വെക്കാനാണ് ജയരാജന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

ബാങ്കിന്റെ പ്രവര്‍ത്തനപരിധിയിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പാമ്പുരുത്തി പ്രദേശത്തിന്റെ ഭൂമിശാസ്ത്രം അറിയുന്ന ആരും സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കില്ല.അടുത്തടുത്തായി വീടുകളുളള ഈ പ്രദേശത്തെ 136 ഗുണഭോക്താക്കളേയും നേരിട്ടറിയുന്ന ബാങ്കിലെ ബില്‍ കലക്ടറായ ബിന്ദു മിക്കവാറും വീടുകളില്‍ നേരിട്ടെത്തി പെന്‍ഷന്‍ തുക കൈമാറിയിരുന്നു. ചില വീടുകളില്‍ ഗുണഭോക്താക്കളെ കാണാതിരുന്നതിനെ തുടര്‍ന്ന് തിരിച്ചു പോയി ഡോക്ടറെ കണ്ടു മടങ്ങി വരുന്നതു വഴി പീടികത്തിണ്ണയില്‍ വെച്ച് മൂന്നു പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവത്തെയാണ് ഇത്രയും വലിയ കോലാഹലമായി ജയരാജന്‍ കൊണ്ടു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ വാങ്ങുന്നവരുടെ സൗകര്യാര്‍ത്ഥം അവര്‍ക്ക് ഒരു കേന്ദ്രത്തില്‍ വെച്ച് ഇതു നല്‍കാന്‍ വാര്‍ഡ് മെമ്പര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടതിന് ബാങ്കുമായി ഒരു ബന്ധവുമില്ലെന്നിരിക്കേ അതിലേക്ക് കൊളച്ചേരി ബാങ്കിന്റെ പേര് വലിച്ചിഴക്കുന്നത് രാഷ്ട്രീയലക്ഷ്യമൊന്നു കൊണ്ടു മാത്രമാണ്. സഹകരണമേഖലയില്‍ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മകള്‍ രൂപപ്പെട്ടു വരുന്ന ഇക്കാലത്ത് അതിന്റെ വിശാലമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളാതെ ജയരാജനെ പോലുള്ളവര്‍ നടത്തുന്ന പ്രചാരണ സഹകരണ മേഖലയിലുള്ള സിപിഎം നേതാക്കളാണ് തിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുവന്നൂര്‍ പോലുള്ള ബാങ്കുകള്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കുണ്ടാക്കിയ നാണക്കേട് മൂടിവെയ്ക്കാന്‍ എല്ലാ സഹകരണബാങ്കുകളും വെട്ടിപ്പുകളുടേയും തട്ടിപ്പുകളുടേയും കേന്ദ്രമാണെന്ന് സ്ഥാപിക്കാന്‍ എം.വി.ജയരാജന്‍ ശ്രമിക്കുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണ്.സത്യസന്ധമായും ആക്ഷേപങ്ങളേതുമില്ലാതേയും പ്രവര്‍ത്തിക്കുന്ന കൊളച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പൂര്‍ണ പിന്തുണ അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version