കണ്ണൂർ: വയനാട് പുനരധിവാസത്തിന് തുരങ്കം വയ്ക്കുന്ന ബിജെപി, യുഡിഎഫ്, മാധ്യമ ഗൂഢാലോചനയ്ക്കെതിരെ ജില്ലയിൽ 236 ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധം പ്രകടനവും പൊതുയോഗവും നടത്തും. വയനാട് ദുരന്തത്തിൽ സർക്കാർ എല്ലാ വിഭാഗമാളുകളുടെയും സഹകരണത്തോടെ ഫലപ്രദമായ ദുരിതാശ്വാസ പ്രവർത്തനമാണ് നടത്തിയത്. എന്നാൽ ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായമായി ഒരു രൂപ പോലും പ്രഖ്യാപിച്ചിട്ടില്ല. അത് ചൂണ്ടിക്കാട്ടാൻ തയ്യാറാകാതെ സംസ്ഥാന സർക്കാരിനെതിരെ കള്ളക്കഥ മെനയാനാണ് ഒരുകൂട്ടം മാധ്യമങ്ങളും യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിനെതിരായും വയനാട് പുനരധിവാസം അട്ടിമറിക്കാനും കേന്ദ്ര സഹായം ഇല്ലായ്മ ചെയ്യാനുമുള്ള കള്ളപ്രചാരണത്തിനെതിരെ 236 ലോക്കൽ കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രത്തിലുമാണ് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്.
20 മുതൽ 23 വരെയാണ് ലോക്കൽ തല പ്രതിഷേധം. 24ന് വൈകിട്ട് അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ജില്ലാതല ബഹുജന പ്രതിഷേധ കൂട്ടായ്മ ചേരും. പ്രകടനം 4.30ന് കെഎസ്ആർടിസി ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിക്കും. പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കാൻ കേരളത്തെ സ്നേഹിക്കുന്ന മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.