കണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സാഗര ബസ് ഓടിക്കുകയാണ് മേപ്പയ്യൂര്‍ സ്വദേശിയായ അനുഗ്രഹ. ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയാണ്. മേപ്പയ്യൂരിലെ മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് സി എം അനുഗ്രഹ (24).
അച്ഛന് മുരളീധരന്റെ കൈ പിടിച്ചാണ് ഡ്രൈവിങ്ങിനെ ബെസ്റ്റ് ഫ്രണ്ടാക്കിയത്. കുടുംബത്തില്‍ അച്ഛനെ കൂടാതെ മുത്തച്ഛനും അമ്മാവനും ഡ്രൈവര്‍മാർ ആയിരുന്നു. 18-ാം വയസ്സില്‍ ഫോര്‍വീലര്‍ ലൈസന്‍സ് നേടി. കൊച്ചിയിലെ പഠനത്തിന് ഇടയിലും വളയം വിട്ടില്ല. കഴിഞ്ഞ ജൂണില്‍ ഹെവി ലൈസന്‍സ് ലഭിച്ചു. ജൂണ്‍ മാസം മുതല്‍ നോവ ബസില്‍ ഡ്രൈവറായി.
വിദേശത്തുള്ള അച്ഛന്റെ സമ്മതം കൂടി ലഭിച്ചപ്പോള്‍ ദീര്‍ഘദൂര ഡ്രൈവിങ് വളയം കൈയിലെത്തി. സഹോദരി അഞ്ജലിയും പ്രോത്സാഹിപ്പിച്ചു. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസിന് രണ്ട് ട്രിപ്പുകളാണ് ഉള്ളത്. രാവിലെ ഏഴിന് വടകരയില്‍ നിന്ന് കയറും. രാത്രി ഏഴോടെ വീട്ടിലെത്തും.