കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് ധാരണ പൂര്‍ത്തിയായി. ആഗസ്ത് 20 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 35 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. കോണ്‍ഗ്രസ് 24 സീറ്റുകളിലാണ് മത്സരിക്കുക. മുസ് ലിം ലീഗ് ഒമ്പത് സീറ്റുകളിലും ആര്‍എസ്പി, സിഎംപി എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും. ജൂലൈ 26 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ആഗസ്ത് രണ്ട് വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന ആഗസ്ത് മൂന്നിന് നടക്കും. പത്രിക ആഗസ്ത് അഞ്ച് വരെ പിന്‍വലിക്കാം.2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 28 സീറ്റ് നേടി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച കരസ്ഥമാക്കുകയായിരുന്നു. യുഡിഎഫ് ഏഴ് സീറ്റാണ് നേടിയത്. സംസ്ഥാനത്തെ 1200ല്‍ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാത്രമാണ് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഓരോ ഭരണസമിതിക്കും അഞ്ച് വര്‍ഷം കാലാവധി നല്‍കണമെന്ന നിയമമുള്ളതിനാല്‍ സംസ്ഥാനത്തെ മറ്റു പൊതുതെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരില്‍ വോട്ടെടുപ്പ് നടത്താറില്ല.