കണ്ണൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ ചെയർമാൻ രാജീവ് ജോസഫിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് മട്ടന്നൂരിൽ ആരംഭിക്കുന്ന ‘അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിൻ്റെ പോസ്റ്റർ’, കണ്ണൂർ കോർപ്പറേഷൻ മേയർ മുസലിഹ് മഠത്തിൽ പ്രകാശനം ചെയ്തു.
ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ്, കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, ടാക്സ് അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്‌ദീൻ, കൗൺസിലർ ജയസൂര്യൻ, വേക്ക് വൈസ് ചെയർമാൻ ടി. ഹംസ, പ്രവാസി കോൺഗ്രസ് നേതാവ് എം. പി മോഹനാംഗൻ, ഒ.ഐ.സി.സി നേതാക്കളായ ലത്തീഫ് മക്രേരി, ശ്രീജിത്ത് ഭാസ്കരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നിരാഹാര സത്യാഗ്രഹത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തത്.
പ്രവാസികളുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ ആരംഭിക്കുന്ന സത്യാഗ്രഹ സമരത്തിൽ, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ആക്ഷൻ കൗൺസിലിൻ്റെ ഗ്ലോബൽ കോർഡിനേറ്റർ അബ്ദുൾ അസീസ് പാലക്കി പറഞ്ഞു. കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി കേന്ദ്ര സർക്കാർ നൽകുന്നത് വരെ നിരാഹാര സത്യാഗ്രഹം തുടരുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് വ്യക്തമാക്കി.