സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
കോവിൻ ആപ്പിലെ തട്ടിപ്പിനേ കുറിച്ചുള്ള വാർത്തയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ശ്യാം കുമാറിന് മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം ലഭിച്ചു. കൃഷ്ണപ്രസാദ് ആണ് മികച്ച ക്യാമറാമാൻ. സത്രം ട്രൈബൽസ് എന്ന സ്റ്റോറിക്കു ദൃശ്യഭാഷയൊരുക്കിയതിനാണു പുരസ്‌കാരം. വി . വിജയകുമാറിനെ മികച്ച എഡിറ്ററായി തെരഞ്ഞെടുത്തു. കക്ക വാരൽ തൊഴിലാളികളുടെ അതിജീവനം സംബന്ധിച്ച സ്റ്റോറി എഡിറ്റിംഗിനാണ് ഏഷ്യാനെറ്റ് ന്യൂസിലെ വിജയകുമാറിന് പുരസ്കാരം ലഭിച്ചത്. മാതൃഭൂമി ന്യൂസിലെ അമൃത എ.യു. മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം നേടി. മനോരമ ന്യൂസിലെ ജയമോഹൻ നായർ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. മനോരമ ന്യൂസിലെ ഷാനി ടി പിക്കാണു മികച്ച ന്യൂസ് റീഡർക്കുള്ള പുരസ്‌കാരം. പുരസ്‌കാരങ്ങൾ ഫെബ്രുവരി 28നു വൈകിട്ട് 5.30നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.