//
13 മിനിറ്റ് വായിച്ചു

മീഡിയവൺ സംപ്രേഷണം തുടരാം; വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: മീഡിയ വൺ  ചാനലിന്റെ വിലക്ക് സുപ്രീം കോടതി  സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ പ്രവർത്തിച്ചിരുന്ന രീതിയിൽ പ്രവർത്തനം തുടരാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ സ്ഥാപനമെന്ന നിലക്ക് പരിരക്ഷയുണ്ടെന്നും കോടതി നിരീക്ഷിച്ചു.കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാം, നേരത്തെ സമർപ്പിച്ച രേഖകൾ പരാതിക്കാർക്ക് കൈമാറാവോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 26ന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.കേസിൽ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ എന്തായിരുന്നുവെന്നാണ് സുപ്രീം കോടതി തിരിച്ചു ചോദിച്ചത്.  പതിനൊന്ന് വർഷമായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുകയാണ് ചാനലെന്നും നിരോധനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മീഡിയ വണ്ണിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേ വാദിച്ചു.

വിലക്ക് സ്റ്റേ ചെയ്യരുത് എന്ന ഉറച്ച നിലപാടാണ് കേന്ദ്രം കോടതിയിലെടുത്തത്. സംപ്രേഷണം നടത്താൻ അനുമതി നൽകണമെന്ന് മീഡിയ വൺ വീണ്ടും ആവശ്യപ്പെട്ടു. വിലക്കിനുള്ള യഥാർത്ഥ കാരണമെന്തെന്ന് കോടതി എടുത്തു ചോദിച്ചു. കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ വിശദവിവരങ്ങൾ ഇല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോയെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാർ അഭിഭാഷകനോട് ചോദിച്ചു. ന്യൂനപക്ഷം നടത്തുന്ന ചാനലായതിനാലാണ് 6 ആഴ്ചയായി അടഞ്ഞുകിടക്കുന്നതെന്നായിരുന്നു മീഡിയ വൺ അഭിഭാഷകൻ ദുഷ്യന്ത് ദവേയുടെ ആരോപണം. ചാനൽ തുടങ്ങിയാൽ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. നിരോധനത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ സർക്കാരിൻ്റെ കൈവശമില്ലന്നാണ് വ്യക്തമാകുന്നതെന്നും കോടതിയിൽ വാദം. വിശദമായ ഫയൽ കാണണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.മുദ്രവച്ച കവറുകളോട് തനിക്ക് വിയോജിപ്പാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!