//
21 മിനിറ്റ് വായിച്ചു

‘ചാനലിന് ഭരണകൂടത്തെ തൃപ്തിപ്പെടുത്തി മാത്രം വാർത്ത നൽകാനാകില്ല’, അപ്പീലുമായി മീഡിയ വൺ

കൊച്ചി: മീഡിയ വൺ വാർത്താചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് അപ്പീൽ നൽകി. ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിലാണ് അപ്പീൽ നൽകിയിരിക്കുന്നത്. മാധ്യമം ബ്രോഡ്‍കാസ്റ്റിംഗ് ലിമിറ്റഡ്, കേരള പത്രപ്രവർത്തക യൂണിയൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവരാണ് സംയുക്തമായി അപ്പീൽ ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നാളെ അപ്പീൽ ഹർജികൾ പരിഗണിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്‍റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും, ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചാനലിനെ കേൾക്കാതെ ലൈസൻസ് റദ്ദാക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അപ്പീൽ ഹർജിയിൽ പറയുന്നു. ഒരു വാർത്താചാനലിന് അപ്‍ലിങ്കിംഗിന് അനുമതി നൽകാനുള്ള പോളിസി പ്രകാരം ലൈസൻസ് പുതുക്കുമ്പോൾ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിൾ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വാർത്താചാനലാകുമ്പോൾ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാർത്തകൾ നൽകാനാകില്ലെന്നും ഹർജിയിൽ പറയുന്നു. പുരാണവാക്യങ്ങൾ ഉൾപ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങൾ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലിൽ ഹർജിക്കാർ പറയുന്നു.

അതേസമയം, മീഡിയ വൺ ചാനൽ വിലക്കിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ നേതൃത്വത്തിൽ ഇന്നലെ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ മാർച്ചിൽ പങ്കെടുത്തു. അഭിപ്രായവൈവിദ്ധ്യം ഒരു സമൂഹത്തിന്‍റെ കരുത്താണെന്ന് നേതാക്കൾ  പറഞ്ഞു. മാധ്യമങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ അഭിപ്രായസ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നതെനന്നും നേതാക്കൾ പറഞ്ഞു. തുടർന്ന് രാജ്‍ഭവന്‍റെ മുന്നിൽ വച്ച് പ്രതിഷേധജ്വാല തെളിയിക്കുകയും ചെയ്തു. കേന്ദ്രസർക്കാ‍ർ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടുകളിലെ പരാമർശങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ നഗരേഷിന്‍റെ സിംഗിൾ ബഞ്ച് മീഡിയ വൺ ചാനലിന്‍റെ ഹർജി തള്ളിയത്. അപ്പീൽ നൽകുന്നതിനായി സംപ്രേഷണവിലക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരസിച്ചത്.

ജീവനക്കാരുടെ ദുഃഖം മനസിലാക്കുമ്പോഴും ദേശസുരക്ഷ പ്രധാനപ്പെട്ടതാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട്‌ പരിശോധിക്കുമ്പോൾ ഒരു മിനുട്ട് പോലും ചാനൽ തുടരാൻ അനുവദിക്കാനുള്ള സാഹചര്യം ഇല്ലെന്നും ജസ്റ്റിസ് എൻ നാഗരേഷ് വിധിയിൽ പറയുന്നു.ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയിരുന്നു.കേസിൽ ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കക്ഷി ചേരുന്നതിനെ കേന്ദ്രസർക്കാർ എതിർത്തിരുന്നതാണ്. വാർത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്രനിലപാട്. ഇതേ നിലപാട് ഡിവിഷൻ ബഞ്ചിലും കേന്ദ്രസർക്കാർ ആവർത്തിച്ചേക്കും. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗരേഖകൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നുമായിരുന്നു ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്‍റെ വാദം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!