കണ്ണൂർ : മേലെചൊവ്വ കവലയിൽ അടിപ്പാത നിർമാണത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ആദ്യം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും തുടർന്ന് നിർമാണപ്രവൃത്തിയുടെ കരാർ നല്കുകയുമാണ് ചെയ്യുക. കെട്ടിടങ്ങൾ പൊളിക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്.
കരാറേറ്റെടുത്ത് 45 ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചുനീക്കണം. പഴയ എസ്റ്റിമേറ്റ് പ്രകാരം 27.6 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ് അംഗീകരിച്ചത്. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 34.6 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും നല്കിയ നഷ്ടപരിഹാരത്തുക ഉൾപ്പെടെയാണിത്. 16 കോടിയോളം രൂപയാണ് നഷ്ടപരിഹാരത്തിന് ചെലവായത്.അടിപ്പാതനിർമാണത്തിനുമാത്രം 19.4 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമാണം നടത്തുന്നത്.
നഷ്ടം സംഭവിക്കുന്നത് 51 ഉടമകൾക്കാണ്. പൂർണമായും ഭാഗികമായും പൊളിക്കേണ്ട കെട്ടിടങ്ങളുണ്ട്. മതിൽ പോകുന്നതും ചില നിർമിതികൾ മാത്രമായി പൊളിച്ചുനീക്കേണ്ടവയുമുണ്ട്. ചില കെട്ടിടത്തിന് ഒന്നിൽ കൂടുതൽ ഉടമകളാണുള്ളത്.
കണ്ണൂർ-തലശ്ശേരി റോഡ് അടിപ്പാത വഴി
മേലെചൊവ്വ അടിപ്പാത പൂർത്തിയായാൽ ഇപ്പോഴത്തെ കണ്ണൂർ-തലശ്ശേരി ദേശീയപാത അടിപ്പാത വഴിയായിരിക്കും. മട്ടന്നൂർ-കണ്ണൂർ റോഡിലേക്കുള്ള വാഹനങ്ങൾ അടിപ്പാതയുടെ ഇരു ഭാഗങ്ങളിലുമുള്ള സർവീസ് റോഡുവഴി കടന്നുപോകും. അടിപ്പാതയ്ക്ക് ഒൻപതുമീറ്റർ വീതിയുണ്ടാകും.
സർവീസ് റോഡുകൾക്ക് അഞ്ചരമീറ്ററാണ് വീതി. ഒന്നരമീറ്റർ വീതം നടപ്പാതയും ഇരുഭാഗത്തും ഉണ്ടാകും. അടിപ്പാതയുടെ നീളം 310 മീറ്ററാണ്.നഷ്ടപരിഹാരം നല്കിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഏതാനും വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിച്ചിട്ടുണ്ട്.
നഷ്ടപരിഹാരത്തുക കൂട്ടിക്കിട്ടണമെന്നതാണ് അവരുടെ ആവശ്യം. കരാർ ഉറപ്പിച്ച ഉടൻ കെട്ടിടങ്ങൾ പൊളിക്കൽ ആരംഭിക്കും. സ്റ്റേ വാങ്ങിയ വ്യാപാരികളുടെ കെട്ടിടങ്ങൾ തർക്കവിഷയത്തിന് പരിഹാരമാകുംവരെ പൊളിക്കില്ല.