/
16 മിനിറ്റ് വായിച്ചു

‘ഓരോ മനുഷ്യനും അവന്റേതായ സ്വാഭിമാനമുണ്ട് ,അത് കിട്ടാതിരിക്കുമ്പോ മനുഷ്യൻ പ്രതികരിക്കും’; മേയർക്ക് സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനം

കോർപ്പറേഷനിലെ തൊഴിലാളികൾ ഓണ സദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെടുത്ത നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനമുയരുന്നു. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ശുചീകരണ തൊഴിലാളികളാണ് ഭക്ഷണം വലിച്ചെറിഞ്ഞത്. ഇതിൽ ഏഴ് തൊഴിലാളികളെ സസ്പെന്റ് ചെയ്യുകയും താത്കാലിക ജീവനക്കാരായ മറ്റുളളവരെ പിരിച്ചുവിടുകയും ചെയ്തതായും മേയർ അറിയിച്ചിരുന്നു.

എന്നാൽ മേയറുടെ ഈ നടപടി അം​ഗീകരിക്കാൻ സാധിക്കില്ലെന്നും സമൂഹത്തിലെ താഴെകിടയിലുളളവരെ ആഘോഷങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതാണെന്നുമുളള വിമർശനങ്ങളാണ് ഉയരുന്നുണ്ട്.

ഓഫീസ് ടൈമിൽ ഓണാഘോഷം തകൃതിയായി നടക്കുമ്പോൾ വേസ്റ്റ് എടുക്കുന്ന താഴേകിടയിലുളള കുറച്ചുപേർ മാലിന്യത്തിൽ ഉരുണ്ട് കുളിച്ച് വന്ന് നാറിയ വേഷത്തിൽ ഔദാര്യമായി വാങ്ങിവെച്ചിരിക്കുന്ന സദ്യ ഉണ്ട് ആഘോഷിച്ചാൽ മതിയെന്ന് പറയുന്നത് എത്ര റി​ഗ്രസീവ് ആണ്.

ഓരോ മനുഷ്യനും അവന്റേതായ സ്വാഭിമാനമുണ്ട് അത് കിട്ടാതിരിക്കുമ്പോ മനുഷ്യൻ പ്രതികരിക്കും. അതിനെ ഇങ്ങനെ അപമാനിക്കുമ്പോ ആ ഭക്ഷണം അവർക്ക് തൊണ്ടേന്നെറങ്ങില്ലെന്നും സുനോജ് വർക്കി എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചു.

വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാൻ തക്കവണ്ണം നിങ്ങളാരും വളർന്നിട്ടില്ല. വൈറ്റ് കോളർ ജോലിക്കാർക്ക് മാത്രമുള്ളതല്ല ആഘോഷങ്ങൾ. വിവേചനം കാണിച്ചതിൽ മനംനൊന്ത് പ്രതിഷേധിച്ച് ഭക്ഷണം വേസ്റ്റിൽ എറിഞ്ഞ് സമരം നടത്തിയ തൊഴിലാളികൾക്ക് പൂർണ്ണ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഭക്ഷണം കളയുമ്പോള്‍ പട്ടിണി കിടക്കുന്നവരെ ഓര്‍ക്കാതെ പോയതെന്ത് എന്നൊരു കവിക്കോ മതപുരോഹിതനോ ചോദിക്കാം. ഒരു ജനാധിപത്യ ഭരണാധികാരി വിശിഷ്യാ മാര്‍ക്‌സിസ്റ്റ് പ്രതിനിധി ആ ചോദ്യമുന്നയിക്കുമ്പോള്‍ അത് അപഹാസ്യമായിത്തീരുമെന്ന് അധ്യാപകനായ റഫീഖ് ഇബ്രാഹിം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ലോകത്ത് ഭക്ഷ്യവിഭവങ്ങള്‍ പാഴാവുന്നത് കൊണ്ടോ അമിതമായി കഴിക്കുന്നതുകൊണ്ടോ അല്ല പട്ടിണിയുള്ളത്. സാമ്പത്തിക വിതരണത്തിലെ അനീതിയുമായി, സാമൂഹ്യ ഉച്ചനീചത്വങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് മറ്റൊരു അധ്യാപകനായ ഡോ. ഷിജു ആര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാൽ ചാലയില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നായിരുന്നു സംഭവത്തിൽ മേയർ നൽകിയ വിശദീകരണം. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുകയാണെന്നും മേയര്‍ പ്രതികരിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version