സൈനിക ഹെലികോപ്ടർ അപകടത്തിൽ നിന്ന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ്ങിനെ അടിയന്തര ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തിൽ 85 ശതമാനത്തോളം പൊള്ളലേറ്റ വരുൺസിങ്ങിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിൽ രക്ഷപ്പെട്ടത് വരുൺസിങ്ങ് മാത്രമായിരുന്നു. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്കാണ് ആദ്യം ഇദ്ദേഹത്തെ കൊണ്ടുപോയത്. ഇന്ന് കോയമ്പത്തൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.