/
16 മിനിറ്റ് വായിച്ചു

കാണാതായ പെൺകുട്ടികൾക്ക് പണം കിട്ടി; ഗോവയിലേക്ക് കടക്കാൻ സാധ്യതയില്ലെന്ന് കമ്മീഷണർ

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പിടിയിലായ യുവാക്കൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ്ജ്. കുട്ടികൾ ഗോവയിലേക്ക് കടക്കാൻ  സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവർക്ക് ബാഹ്യസഹായം ലഭിച്ചിട്ടുണ്ട്.യുപിഐ വഴി പണം ലഭിച്ചിട്ടുണ്ടെന്നും ഈ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്നും കമ്മീഷണർ പറഞ്ഞു.പെൺകുട്ടികൾ ബാലമന്ദിരത്തിൽ എത്താനുണ്ടായ സാഹചര്യത്തെ കുറിച്ചും അന്വേഷിക്കുമെന്ന് കമ്മീഷണർ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പൊലീസുദ്യോഗസ്ഥർ കർണാടകത്തിലേക്ക് പോയതായും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ഇന്ന് ബെം​ഗളരൂവില്‍ നിന്ന്  കണ്ടെത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട്ടേക്കുള്ള ബസിൽ കയറിയ പെൺകുട്ടി കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയതാണ് വഴിത്തിരിവായത്. ഈ നമ്പറിൽ ബസ് കണ്ടക്ടർ വിളിച്ചപ്പോൾ ഫോൺ എടുത്തത് കുട്ടിയുടെ അമ്മയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്. കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും. ബുധനാഴ്ച്ച വൈകിട്ടായിരുന്നു വെളളിമാടുകുന്നിലെ ബാലികാ മന്ദിരത്തില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. റിപ്പബ്ളിക് ദിനാഘോഷത്തിന് ശേഷം അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര്‍ രക്ഷപ്പെട്ടെന്നാണ് സൂചന. കോഴിക്കോട് ജില്ലക്കാരായ ആറ് പേരും 15 നും 18നും ഇടയില്‍ പ്രായമുളളവരാണ്. വിവിധ കേസുകളുടെ ഭാഗമായി താത്കാലികമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടവരാണ് എല്ലാവരും.പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിന് സമീപത്തെ റോഡിലൂടെ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ചേവായൂര്‍ പൊലീസിന് കിട്ടിയിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് മടവാളയിലെ സ്വകാര്യ ഹോട്ടലില്‍ റൂമെടുക്കാനായെത്തിയ പെണ്‍കുട്ടികളെ ഒരു വിഭാഗം മലയാളികള്‍ കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ ഒരാളെ തടഞ്ഞ് വച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെ കണ്ടെത്താനായി കോഴിക്കോട് സിറ്റി പൊലീസ് ബെം​ഗളൂരുവിലേക്ക് തിരിച്ചു. അതിനിടെ വെളളിമാട് കുന്ന് ബാലികാ മന്ദിരത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!