തളിപ്പറമ്പ്:വയനാട്ടിൽ നിന്നും കാണാതായ യുവാവിനെ പറശ്ശിനിക്കടവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറശ്ശിനിക്കടവിലെ സ്കൂൾ ഗ്രൗണ്ടിലെ ആൽമരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ കിഷൻകുമാറാണ് മരിച്ചത്.26 വയസ്സായിരുന്നു പ്രായം. തിങ്കളാഴ്ച രാവിലെ സ്കൂൾ അധികൃതരാണ് മൃതദേഹം കണ്ടത്. തുടർന്ന്, സ്കൂൾ അധികൃതർ തളിപ്പറമ്പ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.കഴിഞ്ഞ 12 മുതൽ യുവാവിനെ കാണാനില്ലായിരുന്നു. തുടർന്ന്, ബന്ധുക്കൾ പടിഞ്ഞാറത്തറ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. യുവാവിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറും. മാതാവ്: സതി. സഹോദരൻ: കിരൺ.