കണ്ണൂർ :വാടകമുറിയിൽ താമസിക്കുന്ന യുവാവ് മൊബൈൽ ഫോൺ കാണാതായതിനെത്തുടർന്ന് കിണറ്റിൽ ചാടി.കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയ ഇയാളെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കൽപ്പണ തൊഴിലാളിയായ പാലക്കാട് സ്വദേശി സുരേഷ് (28) ആണ് കിണറ്റിൽ ചാടിയത്.ബുധനാഴ്ച രാത്രി ചിറ്റാരിപ്പറമ്പ് ടൗണിലെ സർവീസ് സഹകരണ ബാങ്കിന് സമീപത്താണ് സംഭവം.
ഫോൺ കാണുന്നില്ലെന്ന് പറഞ്ഞ യുവാവ് കൂട്ടുകാരുടെ മുന്നിൽവെച്ചാണ് 10 കോൽ താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയത്. കൂട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുനിന്നെങ്കിലും കയറാൻ കൂട്ടാക്കിയില്ല. തുടർന്ന് കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും കണ്ണവം പോലീസും നാട്ടുകാരും ചേർന്ന് യുവാവിനെ കരയ്ക്ക് കയറ്റി. അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, ഓഫീസർമാരായ ബൈജു കോട്ടായി, എം.എസ്.ഹരീഷ്, വി.കെ.റിജിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.