പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് ആരോപണം. ഇത്തരം നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോൺഗ്രസിന്‍റെ കമ്മ്യൂണിക്കേഷൻ, പബ്ലിസിറ്റി, മീഡിയ വിഭാഗത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രിയുടെ ഉദ്ദേശ്യങ്ങളും നയങ്ങളും കാരണം രാജ്യം ശിഥിലമാകാനുള്ള സാധ്യത വർധിച്ചുവരികയാണ്. രാഷ്ട്രീയ ഏകാധിപത്യം വർധിച്ചു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 24 ന് യാത്ര ഡൽഹിയിൽ എത്തുമെന്നും അവിടെ അഞ്ച് ദിവസത്തെ ഇടവേള എടുക്കുമെന്നും രമേശ് പറഞ്ഞു. യാത്രയ്‌ക്കൊപ്പം ഓടുന്ന വാഹനങ്ങളും കണ്ടെയ്‌നറുകളും മുന്നോട്ടുള്ള യാത്രയ്ക്ക് സർവീസ് ചെയ്യേണ്ടതിനാൽ ഇടവേള അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയും ജയറാം രമേശ് രൂക്ഷ വിമർശനം ഉന്നയിച്ചു. കേന്ദ്ര മന്ത്രിയാകാനും ബംഗ്ലാവ് സംരക്ഷിക്കാനുമാണ് സിന്ധ്യ ബി.ജെ.പിയിൽ ചേർന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.