//
49 മിനിറ്റ് വായിച്ചു

മങ്കി പോക്‌സിന് വ്യാപനശേഷി കുറവ്; എങ്കിലും കരുതല്‍ വേണം, പ്രതിരോധമാര്‍ഗങ്ങളും ലക്ഷണങ്ങളും

കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെവിടെ പൊട്ടിപ്പുറപ്പെടുന്ന ഏതു സാംക്രമിക രോഗവും നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കാറുണ്ട്. യാത്രാ സങ്കേതങ്ങൾ ഏറെ മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ ലോകത്തിന്റെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേക്ക് മനുഷ്യർക്കും മൃഗങ്ങൾക്കും അവരിലൂടെ രോഗാണുക്കൾക്കുമെല്ലാം എത്തിപ്പെടാൻ അധികം സമയം വേണ്ടെന്നതും നമ്മുടെ ആശങ്കയേറ്റുന്ന വസ്തുതയാണ്.ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മങ്കി പോക്സ് അഥവാ കുരങ്ങ് പനിയാണ്. കുരങ്ങ് പനി എന്ന പേരാണ് നമ്മൾ നേരത്തേ ക്യാസനൂർ ഫോറസ്റ്റ് ഡിസീസിനും നൽകിയിരുന്നത്.

അതുകൊണ്ടു തന്നെ മങ്കി പോക്സിനെ കുരങ്ങു പനി എന്ന് വിളിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കാം.ആദ്യമായി കുരങ്ങുകളിലാണ് കണ്ടെത്തിയത് എന്നതുകൊണ്ടാവാം മങ്കി പോക്സിന് ഇങ്ങനെയൊരു വിളിപ്പേര് വന്നത്.മറ്റ് മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാനമായും മധ്യ , പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കൂടുതലും കണ്ടു വന്നിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ മെയ് 14 മുതൽ ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, കാനഡ എന്നിവിടങ്ങളിൽ നിന്നും മങ്കി പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.സ്മോൾ പോക്സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്സ് വൈറസ് കുടുംബത്തിൽ പെട്ട ഓർതോ പോക്സ് വൈറസാണ് മങ്കി പോക്സ് വൈറസും. മങ്കി പോക്സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമുണ്ട്.

എന്നാൽ രോഗ തീവ്രതയും മരണനിരക്കും പക്ഷേ വസൂരിയേക്കാൾ കുറവാണ്.1980 ഓടെ വസൂരി ലോകത്ത് നിന്ന് നിർമ്മാർജനം ചെയ്യപ്പെടുകയും വസൂരിക്കെതിരായ കുത്തിവെപ്പ് പ്രതിരോധ പരിപാടി നിർത്തലാക്കുകയും ചെയ്തതോടെ പൊതുജനാരോഗ്യ പ്രാധാന്യമുള്ള ഓർതോ പോക്സ് വൈറസ് എന്നത് മങ്കി പോക്സ് ആയി മാറി.

രോഗാണു.

നേരത്തേ സൂചിപ്പിച്ചതു പോലെ പോക്സ് വൈറിഡേ കുടുംബത്തിലെ ഓർതോ പോക്സ് വിഭാഗത്തിൽ പെടുന്ന ഒരു ഡി .എൻ.എ വൈറസ് (Double stranded DNA Virus) ആണ് മങ്കി പോക്സ്.രണ്ട് ജനിതക ശ്രേണിയിലുള്ള മങ്കി പോക്സ് വൈറസുകളാണുള്ളത്. മധ്യ ആഫ്രിക്കൻ ( കോംഗോ ബേസിൻ ) വൈറസും പടിഞ്ഞാറൻ ആഫ്രിക്കൻ മങ്കി പോക്സ് വൈറസും.ഇതിൽ മധ്യ ആഫ്രിക്കൻ ഇനമാണ് കൂടുതൽ തീവ്രമായ അസുഖമുണ്ടാക്കുന്നതും എളുപ്പത്തിൽ പകരുന്നതും.

സ്വാഭാവിക ആതിഥേയരും രോഗാണു വാഹകരും.

അണ്ണാൻ, എലി വർഗത്തിൽ പെട്ട വിവിധ ജീവികൾ, കുരങ്ങുകൾ മുതലായവ ഈ രോഗം ബാധിക്കുന്നവയായും രോഗാണു വാഹകരായും കാണാറുണ്ട്.എന്നാൽ മങ്കി വൈറസിനെ ശരീരത്തിൽ സൂക്ഷിച്ചു വെക്കുകയും രോഗം പടർത്തുകയും ചെയ്യുന്ന തരത്തിൽ നാച്ചുറൽ റിസർവോയർ എന്ന നിലയ്ക്ക് ജന്തുക്കളെ കണ്ടെത്താനുള്ള വിശദമായ പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

രോഗപ്പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിൽ നിന്നും ശരീരസ്രവങ്ങളിൽ നിന്നും അവയുടെ തൊലിപ്പുറമേയുള്ള പാടുകളുമായി സമ്പർക്കം പുലർത്തുന്നതു വഴിയും മനുഷ്യരിലേക്ക് രോഗം പകരാം. മൃഗങ്ങളുടെ മാംസം ശരിയായി വേവിക്കാതെ കഴിക്കുന്നതു മൂലവും രോഗം പടരാം.രോഗം ബാധിച്ച ആളുകളുടെ ശ്വസന സ്രവങ്ങളിൽ നിന്നോ (Respiratory secretions), രോഗ ബാധ മൂലം ശരീരത്തിലുണ്ടായ പാടുകളിൽ നിന്നോ,,,(Skin lesions), രോഗികൾ ഉപയോഗിച്ച ബെഡ്, പുതപ്പ്, ടവൽ എന്നിവയിൽ നിന്നോ രോഗം മറ്റുള്ളവരിലേക്ക് പടരാം.

നാം സംസാരിക്കുമ്പോഴും മറ്റുമുണ്ടാകുന്ന ചെറു കണികകൾ വഴി രോഗം പകരാൻ ദീർഘ നേരം മുഖാമുഖം സമ്പർക്കം പുലർത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവർത്തകരും രോഗികളെ ശുശ്രൂഷിക്കുന്നവരുമാണ് ഇത്തരത്തിൽ രോഗബാധിതരാകാൻ സാധ്യത കൂടുതൽ.അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പ്ലാസന്റ വഴി മങ്കി പോക്സ് പകരാം. (Congenital Monkey Pox) പ്രസവസമയത്തോ പ്രസവത്തിന് ശേഷമോ കുഞ്ഞിലേക്ക് അസുഖം പകരാം. ലൈംഗിക ബന്ധത്തിലൂടെയും മങ്കി പോക്സ് പകരാൻ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ

ബീജ ഗർഭകാലം അഥവാ ഇൻകുബേഷൻ പീരീഡ് ( രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന സമയം ) 6-13 ദിവസം വരെയാണ്. ഇത് 5 മുതൽ 21 വരെ ദിവസങ്ങൾ വരെ വ്യത്യാസപ്പെടാം.

പനി, കടുത്ത തലവേദന,കഴലകളിലെ നീർവീക്കം, നടുവേദന, പേശീവേദന, അതിയായ ക്ഷീണം എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങൾ.കഴലകളിൽ നീർവീക്കം മങ്കി പോക്സിനോട് സാദൃശ്യമുള്ള ചിക്കൻ പോക്സ്, അഞ്ചാം പനി, സ്മോൾ പോക്സ് എന്നിവയിൽ നിന്നും ഇതിനെ വേർതിരിച്ചു നിർത്തുന്ന ഘടകമാണ്.തൊലിപ്പുറമേയുളള തിണർപ്പുകൾ(Skin eruptions) പനി തുടങ്ങി 1-3 ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. മുഖത്തും കൈകാലുകളിലുമാണ് റാഷസ് കൂടുതൽ കാണപ്പെടുക.മുഖത്തും (95% കേസുകളിലും ), ഉള്ളം കയ്യിലും ഉള്ളം കാലിലും (75 % ), വായ്ക്കുള്ളിലെ സ്തരത്തിൽ (70% ), ഗുഹ്യഭാഗത്തും (30%), കൺജക്റ്റൈവയിലും (20 %), നേത്ര പടലത്തിലും ഇത്തരത്തിൽ തിണർപ്പുകൾ കാണാം.

തൊലിപ്പുറമേയുള്ള പരന്ന പാടുകളായി തുടങ്ങി അൽപ്പം ഉയർന്നു പൊന്തിയ പാടുകളായി, പിന്നീട് തെളിഞ്ഞ സ്രവം നിറഞ്ഞ കുമിളകളായും പഴുപ്പ് നിറത്തിലുള്ള സ്രവം നിറഞ്ഞ കുമിളകളായും മാറി ഒടുവിൽ കരിഞ്ഞ പാടുകളായി ശേഷിക്കുന്ന രീതിയാലാണ് തൊലിപ്പുറമേയുള്ള തിണർപ്പുകളുടെ രീതി.പരമാവധി 2-4 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ഗുരുതര സ്വഭാവം കൈവരിക്കാത്ത തരത്തിൽ സങ്കീർണതകൾ ഇല്ലാതെ മാറുന്നതാണ് മങ്കി പോക്സിന്റെ സാധാരണ ഗതി. എന്നാൽ കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഈ രോഗം ഗുരുതരമാവാറുണ്ട്.ന്യൂമോണിയ, രക്തത്തിലെ അണുബാധ, മസ്തിഷ്കജ്വരം, നേത്രപടലത്തിലെ രോഗബാധ മൂലമുണ്ടാകാവുന്ന അന്ധത മുതലായ സങ്കീർണതകൾ ഇതുമൂലം ഉണ്ടാകാം.

രോഗനിർണയം

രോഗലക്ഷണങ്ങളിൽ നിന്നും പരിശോധനയിൽ നിന്നും രോഗ നിർണയം നടത്തുമ്പോൾ ശരീരത്തിൽ തിണർപ്പുകളോട് കൂടിയ പനി ഉണ്ടാക്കുന്ന വിവിധ ബാക്ടീരിയൽ അണുബാധകൾ, ചിക്കൻ പോക്സ്, അഞ്ചാം പനി, സിഫിലിസ് , മരുന്നുകളോടുള്ള അലർജി മുതലായവയിൽ നിന്നും മങ്കി പോക്സിനെ വേർതിരിച്ചറിയാൻ തുടക്കത്തിലേ പ്രത്യക്ഷപ്പെടുന്ന കഴലകളുടെ നീർവീക്കം സഹായകമാണ്.

തൊലിപ്പുറത്തെ തിണർപ്പുകളിൽ(Skin lesions) നിന്നും സാമ്പിളുകൾ ശേഖരിച്ച് PCR പരിശോധന നടത്തിയാണ് രോഗനിർണയം നടത്തുക.രക്തത്തിൽ വൈറസിന്റെ അളവ് കൂടുതലായി കാണപ്പെടുന്ന വൈറീമിയ ഫേസ് താരതമ്യേന കുറവായതിനാൽ രക്ത സാമ്പിൾ ഉപയോഗിച്ചുള്ള പി.സി.ആർ പരിശോധന രോഗനിർണയത്തിൽ അത്ര സ്വീകാര്യമല്ല.മറ്റ് ഓർതോ പോക്സ് വൈറസുകളുമായി കോസ് റിയാക്റ്റ് ചെയ്യാൻ സാധ്യത ഉള്ളതിനാൽ ആന്റിജൻ, ആന്റിബോഡി പരിശോധനകൾ ഉൾപ്പടെയുള്ള സീറോളജി പരിശോധനയും രോഗ നിർണ്ണയത്തിന് അത്ര അഭികാമ്യമല്ല.

ചികിത്സ

രോഗലക്ഷണങ്ങൾക്കനുസരിച്ചും സങ്കീർണതകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിച്ചും ആണ് ചികിത്സ നൽകുക.രോഗിക്ക് പോഷകസമ്പുഷ്ടമായ ആഹാരവും ആവശ്യത്തിന് വെള്ളവും മറ്റ് പാനീയങ്ങളും നൽകണം.സ്മോൾ പോക്സ് ചികിത്സക്കായി കണ്ടു പിടിക്കപ്പെട്ട Tecovirimat എന്ന മരുന്ന് മങ്കി പോക്സ് ചികിത്സക്ക് ഉപയോഗിക്കാനായും നിലവിൽ ലൈസൻസ് നേടിയിട്ടുണ്ട്.

വാക്സിനേഷൻ

സ്മോൾ പോക്സിനെതിരായ കുത്തിവെപ്പ് മങ്കി പോക്സ് തടയുന്നതിന് 85% ഫല പ്രദമാണ്. അതുകൊണ്ടു തന്നെ വസൂരിക്കെതിരായ കുത്തിവെപ്പെടുത്തവരിൽ മങ്കി പോക്സ് ലഘുവായ അസുഖം ഉണ്ടാക്കാനേ വഴിയുള്ളൂ. പക്ഷേ വസൂരി നിർമാർജനത്തിന് ശേഷം അതിനെതിരായ കുത്തിവെപ്പ് നിർത്തലാക്കിയതിനാൽ ആയിരത്തിതൊള്ളായിരത്തി എഴുപതുകളിൽ വരെ ജനിച്ചവർക്കേ സ്മോൾ പോക്സ് വാക്സിൻ കിട്ടാൻ സാധ്യതയുള്ളൂ. 40-50 വയസ്സിൽ താഴെയുള്ളവർക്ക് ആ വാക്സിൻ കിട്ടിക്കാണാൻ സാധ്യത കുറവാണ്. എന്തായാലും നിങ്ങളുടെ ഇടത്തേ ഉരത്തിൽ സ്മോൾ പോക്സ് വാക്സിൻ എടുത്തതിന്റെ സാമാന്യം നല്ല ഒരു പാട് ഉണ്ടോ എന്ന് ഒന്ന് നോക്കിക്കോളൂ.നിലവിൽ Ankara strain ൽ നിന്നും ഉണ്ടാക്കിയ മോഡിഫൈഡ് attenuated വാക്സിൻ പരിമിതമായി ലഭ്യമാണ്. ഈ വാക്സിൻ രണ്ട് ഡോസുകളാണ് എടുക്കേണ്ടത്.

രോഗ പ്രതിരോധം.

രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.ആരോഗ്യപവർത്തകൾ രോഗികളുമായി ഇടപെടുമ്പോൾ ഇൻഫക്ഷൻ കൺട്രോൾ പ്രോട്ടോകോളുകൾ കർശനമായും പാലിക്കുക.സാധ്യമെങ്കിൽ സ്മോൾ പോക്സ് വാക്സിൻ എടുത്തിട്ടുള്ളവരെ രോഗീപരിചരണത്തിനായി നിയോഗിക്കുക.രോഗികളുടേയും മൃഗങ്ങളുടേയും സാമ്പിളുകൾ പരിശീലനം സിദ്ധിച്ച ആളുകൾ മാത്രം ലാബുകളിൽ കൈകാര്യം ചെയ്യുക.

സാമ്പിളുകൾ ട്രാൻസ്പോർട്ട് ചെയ്യുമ്പോൾ WHO നിർദ്ദേശങ്ങൾക്കനുസരിച്ച് ട്രിപ്പിൾ പാക്കേജിംഗ് ഉറപ്പു വരുത്തുക.വന്യമൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക. അസുഖമുള്ളതോ മരണമടഞ്ഞതോ ആയ മൃഗങ്ങളുമായും മൃഗങ്ങളുടെ രക്തം, മാംസം എന്നിവയുമായും സമ്പർക്കം പുലർത്താതിരിക്കുക.മൃഗങ്ങളുടെ മാംസം സുരക്ഷിതമായി വേണ്ടത്ര പാചകം ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക.പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ സാംക്രമിക രോഗത്തെ പ്രതിയും നാം ഭയപ്പെടേണ്ട കാര്യമില്ല. എങ്കിലും അത്തരം രോഗങ്ങളെപ്പറ്റിയും അവയുടെ നിയന്ത്രണത്തെ പറ്റിയും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യുക തന്നെ ചെയ്യും.



ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version