//
16 മിനിറ്റ് വായിച്ചു

മങ്കിപോക്സ് ലക്ഷണം: കണ്ണൂരിൽ ചികിത്സയിലുള്ളയാളുടെ ആരോഗ്യനില തൃപ്തികരം

കണ്ണൂർ ∙ മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നു വൈകിട്ട് പരിശോധനാ ഫലം ലഭിച്ചേക്കും. വിദേശത്തു നിന്ന് എത്തിയ കണ്ണൂർ സ്വദേശിയെയാണു മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു കഴിഞ്ഞ ദിവസം പരിയാരത്തെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിക്കു നാട്ടിൽ എത്തിയതിനു ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ മുറിയിലാണ് ഇദ്ദേഹത്തിനു ചികിത്സ നൽകുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണു ചികിത്സ നടത്തുന്നത്.

മങ്കിപോക്സ് ലക്ഷണങ്ങൾ, പ്രതിരോധങ്ങൾ

വിദേശത്തു നിന്ന് എത്തുന്നവരിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശീവേദന, ഊർജക്കുറവ് എന്നിവയാണു രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ. പനി വന്ന് ഒന്നു മുതൽ 3 ദിവസത്തിനുള്ളിൽ ദേഹത്തു കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. മുഖത്തും കൈകാലുകളിലുമാണു കൂടുതൽ കുമിളകൾ. ഇതിനു പുറമേ, കൈപ്പത്തി, ജനനേന്ദ്രിയം, കോർണിയ തുടങ്ങിയ ശരീരഭാഗങ്ങളിലും കുമിളകൾ വന്നേക്കാം.

മങ്കിപോക്സ്: കേന്ദ്രസംഘമെത്തി; സന്ദർശനം രഹസ്യമാക്കി വച്ച് ആരോഗ്യവകുപ്പ്, ചിത്രങ്ങൾ പകർത്തരുതെന്നും നിർദേശം
മങ്കിപോക്സ്: കേന്ദ്രസംഘമെത്തി; സന്ദർശനം രഹസ്യമാക്കി വച്ച് ആരോഗ്യവകുപ്പ്, ചിത്രങ്ങൾ പകർത്തരുതെന്നും നിർദേശം
വന്യമൃഗങ്ങളുമായും അവയുടെ മൃതശരീരവുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം. ഇവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുൻപു നന്നായി വേവിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. രോഗം സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ ആളുകളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരും സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.

ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസനതുള്ളികൾ, കിടക്ക എന്നിവയിലൂടെയും അടുത്ത സമ്പർക്കത്തിലൂടെയും മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു രോഗം പടരാം. ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരും. അണ്ണാൻ, എലി, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളിലൂടെയും മനുഷ്യരിലേക്കു പടരാം. വൈറൽ രോഗമായതിനാൽ മങ്കിപോക്സിനു പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കുറയ്ക്കുന്നതിനും ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും ചികിത്സ തേടിയേ മതിയാവൂ. വാക്സിനേഷനും നിലവിലുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version