മൂവാറ്റുപുഴയില്‍ കടബാധ്യത മൂലം വീട് ജപ്തി ചെയ്ത സംഭവത്തില്‍ വായ്പ കുടിശിക തിരിച്ചടച്ച് സിഐടിയു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) ആണ് കുടിശിക തിരിച്ചടച്ചത്. അര്‍ബന്‍ ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കലാണ് ഇക്കാര്യം അറിയിച്ചത്.ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയത്. ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്നാടന് എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുത്തു. പിന്നാലെ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മാത്യുകുഴല്നാടന് ബാങ്കിന് കത്ത് നല്‍കിയിരുന്നു. ഇതിനിടെയാണ് ഇടതു സംഘടന ജീവനക്കാര്‍ തുക അടച്ചത്.