//
13 മിനിറ്റ് വായിച്ചു

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജപ്തി;മൂവാറ്റുപുഴയിൽ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വി എൻ വാസവൻ

കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സഹകരണ മന്ത്രി വി എന്‍ വാസവന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ജപ്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാരെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നാണ് സര്‍ക്കാര്‍ നയം. ഇതിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയത്. വീട്ടില്‍ അജേഷിന്റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുത്തു. പിന്നാലെ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ ബാങ്കിന് കത്ത് നല്‍കിയിരുന്നു.വീടിന്റെ വായ്പാ കുടിശിക ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കഴിഞ്ഞ ദിവസമാണ് തിരിച്ചടച്ചത്. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തന്റെ കട ബാധ്യത തീര്‍ക്കാന്‍ ബാങ്കിലെ ജീവനക്കാര്‍ ശേഖരിച്ച പണം വേണ്ടെന്ന് അജേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ തന്റെ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാര്‍ രംഗത്തെത്തിയതെന്നും സംഭവത്തില്‍ അവര്‍ തന്നെയും കുടുംബത്തെയും നിരവധി തവണ അപമാനിച്ചിട്ടുണ്ടെന്നും അജേഷ് പറഞ്ഞിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version