തിരുവനന്തപുരം: പാറശ്ശാലയിൽ സുഹൃത്തായ ഷാരോണിനെ കഷായത്തിൽ കളനാശിനി ചേർത്ത് കൊലപ്പെടുത്തിയെന്ന കേസിൽ, മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും കൊലപാതകത്തിലും തെളിവു നശിപ്പിച്ചതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ കേസിൽ പ്രതിചേർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്അമ്മയുൾപ്പെടെ ആർക്കും വിഷം നൽകിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു വ്യക്തമായത്. ഇരുവരെയും ഇന്ന് തെളിവെടുപ്പിന് എത്തിക്കുമെന്നാണ് സൂചന. ഷാരോണിന് വിഷം നല്‍കിയെന്ന് ഗ്രീഷ്മ സമ്മതിച്ച കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയത്. ഇത് കണ്ടെടുക്കുന്നതിനു വേണ്ടിയാണ് തെളിവെടുപ്പ്. ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്നാണ് പൊലീസ് ഭാഷ്യം.