///
15 മിനിറ്റ് വായിച്ചു

രണ്ട് അക്ഷരങ്ങളിലെ കഥാപ്രപഞ്ചം; എംടി നവതിയിലേക്ക്

അതുല്യമായ സംഭാവനകള്‍ മലയാളത്തിന് നൽകിയ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് തൊണ്ണൂറാം പിറന്നാള്‍. ‘എംടി’ രണ്ടക്ഷരം മൂന്നുതലമുറയുടെ വായനയെ അത്രമേല്‍ സ്വാധീനിക്കുന്നതാണ്. സങ്കീര്‍ണമായ ജീവിത സമസ്യകളും കാലത്തിന്റെ മാറ്റങ്ങളും തന്റെ കഥകളില്‍ സന്നിവേശിപ്പിച്ച് പ്രേക്ഷകനെയും വായനക്കാരനെയും അദ്ദേഹം പിടിച്ചിരുത്തി. നോവലും കഥകളും തിരക്കഥകളും ഉള്‍പ്പെടെ മലയാളത്തിന്റെ സാഹിത്യത്തിന്റെ പരിഛേദമായി അദ്ദേഹം മാറി.സ്‌കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ അദ്ദേഹം സാഹിത്യ രചനകള്‍ തുടങ്ങി. ‘ രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം ബിരുദകാലത്ത് പുറത്തിറങ്ങി. ‘പാതിരാവും പകല്‍ വെളിച്ചവും’ എന്നതാണ് ആദ്യനോവല്‍. 1958ല്‍ പുറത്തിറങ്ങിയ നാലുകെട്ട് തൊട്ടടുത്ത വര്‍ഷം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. പതിനാലു ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട നാലുകെട്ട് പുസ്തക പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കൃതിയാണ്.

‘സ്വര്‍ഗം തുറക്കുന്ന സമയം’,’ ഗോപുരനടയില്‍’, എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. സുപരിചിതമായ ജീവിത പശ്ചാത്തലം പറയുന്ന കാലാതിവര്‍ത്തിയായ പല നോവലുകളും മലയാള സാഹിത്യത്തിന് അദ്ദേഹം പിന്നീട് സംഭാവന ചെയ്തു. ദൈവം മനുഷ്യനായി മാറുന്നത് ‘രണ്ടാമൂഴത്തിലുടെ’ മലയാളികള്‍ കണ്ടു. നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിനിമാ ജീവിതവും പ്രാധാന്യമുള്ളതാണ്. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയ അദ്ദേഹത്തെ നാലുതവണ ദേശീയ പുരസ്‌കാരം തേടിയെത്തി. ജ്ഞാനപീഠം, പത്മവിഭൂഷന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടി.പുന്നയൂര്‍ക്കുളത്തുക്കാരനായ ടി നാരായണന്‍ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായി 1933ല്‍ ജൂലായ് 15 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1999 ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതല്‍ തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version