വയോധികയെ അടുത്തവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കേശവദാസപുരത്താണ് നാടിനെ നടുക്കിയ സംഭവം .വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68) ആണ് മരിച്ചത്. മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വീടിനടുത്ത് ജോലി ചെയ്തിരുന്ന അതിഥിതൊഴിലാളിക്കായി തെരച്ചില്‍ തുടരുകയാണ്. കാലില്‍ ഇഷ്ടിക കെട്ടിയ നിലയിലാണ് മനോരമയുടെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് മനോരമയുടെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദവും ഞെരക്കവും കേട്ടതായി അയല്‍വാസികള്‍ പറയുന്നു. ശബ്ദം കേട്ട് വീടിലെത്തിയ അയല്‍ക്കാര്‍ കതകില്‍ തട്ടിയെങ്കിലും ആരും തുറന്നിരുന്നില്ല.തുടര്‍ന്ന് നാട്ടുകാര്‍ പോയ ശേഷം മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ കൊണ്ടിട്ടതാകാമെന്ന് പൊലീസ് പറയുന്നു.
മനോരമയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഭര്‍ത്താവ് മകളെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു.തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി അയല്‍വാസികള്‍ ദിനരാജിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് അയല്‍പക്കത്തെ വീട്ടിലെ കിണറിന് സമീപം വന്നു നിന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ എത്തിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ആദ്യ നിഗമനം. 60,000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. അടുത്ത വീട്ടില്‍ ജോലിക്കെത്തിയ അതിഥിതൊളിലാളി ആദം അലിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ആറ് മാസം മുമ്പാണ് ആദം അലി ഉള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ മനോരമയുടെ വീടിന് സമീപം ജോലിക്കെത്തിയത്. കൊലപാതക ശേഷം ആദം അലി സുഹൃത്തുക്കളെ വിളിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.