ഋതുമതികളായ മുസ്ലിം പെൺകുട്ടികൾക്ക് 16 വയസ് കഴിഞ്ഞാൽ മതാചാര പ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി അടിസ്ഥാനമാക്കി മറ്റ് കേസുകളിൽ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദേശം. പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദേശം.
അതേസമയം ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് കേസുകളിലും സമാനമായ വിധി പുറപ്പെടുവിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതിയുടെ നിർദേശം. മുഹമ്മദീയൻ നിയമപ്രകാരം ഋതുമതിയായ മുസ്‍ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.എന്നാൽ 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വാദിച്ചു. പോക്സോ നിയമപ്രകാരം 18 വയസിനു താഴെയുള്ളവരെ കുട്ടികൾ എന്നാണ് വിളിക്കുന്നത്. മുസ്‍ലിം സമുദായത്തിൽ 14 വയസു വരെയുള്ള കുട്ടികളെ വരെ വിവാഹം കഴിപ്പിച്ചതായി ബാലാവകാശ കമ്മീഷനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു. ഹരജിയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.