മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് സൗത്ത് യു.പി. സ്കൂളിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം സ്കൂളിന്റെ പ്രവർത്തനം നിർത്തിവെച്ചു.സ്കൂളിലേക്ക് പ്രവേശിക്കാനുള്ള വഴിയും അടഞ്ഞു. കഴിഞ്ഞ രണ്ടുദിവസം സ്കൂളിന് പ്രവർത്തിക്കാനായില്ലെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു.ബുധനാഴ്ച വെള്ളക്കെട്ടിന് അല്പം കുറവുണ്ടായതിനെത്തുടർന്ന് മൂന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളുണ്ടായി. വെള്ളക്കെട്ടിലൂടെ നടന്നുനീങ്ങിയാണ് കുട്ടികൾ ക്ലാസിലെത്തിയത്.പ്രീ പ്രൈമറി കുട്ടികൾക്കും ഒന്നുംരണ്ടും ക്ലാസിനും അവധി നൽകി. 150-ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിന് മുന്നിലെ മൈതാനത്താണ് വെള്ളം നിറഞ്ഞത്. സമീപത്തെ അങ്കണവാടിയുടെ പ്രവർത്തനവും തടസ്സപ്പെട്ടു. മഴപെയ്താൽ മൈതാനത്ത് വെള്ളം ഇറങ്ങിപ്പോകുന്നതിനായി കഴിഞ്ഞവർഷം പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഓവുചാൽ നിർമിച്ചിരുന്നു. എന്നാൽ ഓവുചാൽ നിർമിച്ചതിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പരാതിയുണ്ട്.മുഴപ്പിലങ്ങാട് പഞ്ചായത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഒരുവശത്ത് കടലും മറ്റൊരുവശത്ത് പുഴയും അതിരിടുന്ന പഞ്ചായത്തിൽ വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്.9, 10, 13 വാർഡുകളിലാണ് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്.
മുഴപ്പിലങ്ങാട് സൗത്ത് യു.പി. സ്കൂളിന് മുന്നിലെ വെള്ളക്കെട്ട്; ക്ലാസുകൾ നിർത്തിവെച്ചു
