വിദേശ വിമാന സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിന് നിഷേധിച്ച കേന്ദ്ര സർക്കാരിന്റെ നടപടി ഗുരുതരമായ വിവേചനമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന കാരണം, വിദേശ വിമാന സർവീസുകൾ മെട്രോ നഗരങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തണമെന്നുള്ളതാണ്. 2024 മാർച്ച് 20ന് ഡൽഹിയിലെ സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ.വി. തോമസ് കേന്ദ്ര സർക്കാരിന് നൽകിയ കത്തിനുള്ള മറുപടിയിലൂടെ കേന്ദ്രം ആറ് മാസത്തിന് ശേഷം ഈ നിലപാട് അറിയിക്കുകയായിരുന്നു. ഇതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം തടസ്സപ്പെട്ടു. സംസ്ഥാന സർക്കാരും എം.പിമാരും നിരന്തരമായി ഇടപെട്ടിട്ടും കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത് കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം മുരടിക്കാൻ കാരണമാകുകയാണ്.