ഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ് ചെയ്ത യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബൈക്ക് ഓടിക്കുന്ന യുവാവിനെ പിന്നിലിരുന്ന സുഹൃത്ത് കുളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന കുറിപ്പോടെ ട്രോളായി എംവിഡിയുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹെൽമറ്റ് ധരിക്കാതെയാണ് യുവാക്കൾ ബൈക്കിൽ സഞ്ചരിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് യുവാക്കളുടെ ഈ സാഹസം. രണ്ടു പേർക്കുമിടയിൽ ബക്കറ്റ് വെച്ചാണ് ഇവരുടെ ലൈവ് കുളിപ്പിക്കൽ. ബക്കറ്റിൽ നിന്ന് കപ്പിൽ വെള്ളം കോരി ബൈക്ക് ഓടിക്കുന്നയാളുടെ തലയിൽ കോരിയൊഴിക്കുന്നതും സോപ്പ് പതപ്പിക്കുന്നതും ദൃശ്യത്തിൽ കാണാം.
നിയമലംഘനം നടത്തുന്നവർക്ക് പണി ഉടനെ വരുമെന്ന് അധികൃതർ മോട്ടോർ വാഹന വകുപ്പ് ട്രോൾ വീഡിയോയിൽ മുന്നറിയിപ്പ് നൽകി. നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ ഒരു രംഗവും യുവാക്കളുടെ കുളിപ്പിക്കൽ വീഡിയോയും കോർത്തിണക്കിയാണ് മോട്ടോർ വാഹന വകുപ്പ് ട്രോൾ വീഡിയോ ചെയ്തിരിക്കുന്നത്.