സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നൽകാൻ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ.
സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാന്‍ അനുവാദം. ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
പ്ലസ്ടു ജയിക്കുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ കരിക്കുലം തയാറാക്കി. ഇത് ഗതാഗതമന്ത്രി ആന്റണി രാജു 28ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് കൈമാറും.
പ്ലസ് ടുവിന് ഒപ്പം ഗതാഗത നിയമങ്ങള്‍ കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കും. പരീക്ഷ പാസായാല്‍ 18 വയസ്സ് തികഞ്ഞ് ലൈസന്‍സിന് അപക്ഷിക്കുന്ന സമയത്ത് ലേണേഴ്‌സ് ടെസ്റ്റ് എഴുതേണ്ടിവരില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്‌സ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ട്രാഫിക് നിയമങ്ങളും ഒപ്പം ബോധവത്കരണവും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.