തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവിസ് റോഡുകൾ ടാർ ചെയ്തുതുടങ്ങി. പിലാത്തറ മുതൽ മാങ്ങാട് വരെയുള്ള ഭാഗങ്ങളിലാണ് ടാറിങ് പ്രവൃത്തി നടക്കുന്നത്.ദേശീയപാത 66ന്റെ വികസന പ്രവൃത്തി ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. ഇതിന്റെ സുപ്രധാന ഘട്ടം എന്ന നിലയിലാണ് നിലവിലെ ദേശീയപാതക്ക് സമാന്തരമായി സർവിസ് റോഡുകളുടെ നിർമാണം നടക്കുന്നത്.അതാണ് ഇപ്പോൾ ടാറിങ് പ്രവൃത്തിയിലേക്ക് നീങ്ങിയിരിക്കുന്നത്.പിലാത്തറ, പരിയാരം, ബക്കളം, മാങ്ങാട് എന്നിവിടങ്ങളിലാണ് സർവിസ് റോഡ് ടാറിങ് തുടങ്ങിയത്. സർവിസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കിയാലുടൻ നിർദിഷ്ട ദേശീയപാത നിർമാണം തുടങ്ങും. രണ്ടുവർഷത്തിനകം ഇത് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ദേശീയപാതയുടെ പ്രവൃത്തി നടക്കുമ്പോൾ സർവിസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുക.