///
12 മിനിറ്റ് വായിച്ചു

പൊതു പണിമുടക്കിനിടയില്‍ സിപിഎം ചെയ്തത് കരിങ്കാലിപ്പണി: അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനപ്രകാരമുള്ള രണ്ടു ദിവസത്തെ ദേശീയ പൊതു പണിമുടക്കിനിടയില്‍ കണ്ണൂരിലെ സിപിഎം കരിങ്കാലിപ്പണിയാണ് എടുത്തതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് .സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ രണ്ടു ദിവസവും മുടക്കാന്‍ തയ്യാറായില്ല. പണിമുടക്കിനോടനുബന്ധിച്ച് കണ്ണൂരില്‍ പ്രകടനം നയിച്ച സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനടക്കമുള്ള നേതാക്കള്‍ അവര്‍ വിളിച്ച മുദ്രാവാക്യത്തോടെങ്കിലും ആത്മാര്‍ത്ഥത പുലര്‍ത്തണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു .”കണ്ണൂരിലെ നായനാര്‍ അക്കാദമിയിലും പോലീസ് മൈതാനിയിലും മാത്രമല്ല, ജില്ലയുടെ പല ഭാഗങ്ങളിലും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പണിമുടക്ക് ദിനത്തില്‍ നടത്തുന്നതാണ് കണ്ടത്. ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയിട്ട് പോലും സര്‍ക്കാര്‍ ജീവനക്കാരോട് പണിമുടക്കാനാവശ്യപ്പെടുന്ന സിപിഎം നേതൃത്വം രണ്ടു ദിവസം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സ്‌റ്റേജും പന്തലും സ്തൂപങ്ങളുമൊരുക്കുന്ന തൊഴിലാളികളെ എന്തു കൊണ്ട് പണിമുടക്കുമായി സഹകരിപ്പിച്ചില്ലെന്ന് വ്യക്തമാക്കണം. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി നടത്തിയ പണിമുടക്കില്‍ കൂട്ടായ തീരുമാനത്തിനു വിരുദ്ധമായ നിലപാട് സിപിഎം കൈക്കൊണ്ടത് അങ്ങേയറ്റം അപലപനീയമാണ്. പൊതു പണിമുടക്കിനോടുള്ള ജനങ്ങളുടെ അനുഭാവ പൂര്‍ണമായ സഹകരണത്തെ ഇല്ലാതാക്കുന്ന രീതിയില്‍ സിപിഎം ശക്തികേന്ദ്രങ്ങളായ പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ പോലും തടഞ്ഞ് ആളുകളെ ബുദ്ധിമുട്ടിച്ച സംഭവമുണ്ടായി. ഒരു ഭാഗത്ത് ഇത്തരമൊരു സമീപനം സ്വീകരിച്ചവര്‍ പണിമുടക്കിനാസ്പദമായ ഗൗരവമേറിയ വിഷയങ്ങളുടെ അന്ത:സത്ത തന്നെ ചോര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചത് നീതീകരിക്കാനാവില്ല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പണിമുടക്കു ദിനത്തിലും നടന്നതിനെ കുറിച്ച് സിഐടിയു നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version