തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടിങ്ങിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ തര്‍ക്കം. പോളിങ്ങ് നടക്കുന്ന സ്‌കൂളിന്റെ കോമ്പൗണ്ടില്‍ വെച്ച് ബിജെപി നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. പോളിങ്ങ് ബൂത്തിന്റെ പരിസരത്ത് വെച്ച് മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്ന് പൊലീസ് എ എന്‍ രാധാകൃഷ്ണനോട് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ മറുപടി ഇങ്ങനെ. ‘ഇതൊക്കെ ഉള്ളതാണ്. അതൊക്കെ അങ്ങ് പിണറായി വിജയനോട് പറഞ്ഞാല്‍ മതി.ബൂത്തിനകത്ത് വെച്ചല്ല സംസാരിക്കുന്നത്. സൗകര്യമുണ്ടെങ്കില്‍ കേസെടുത്തോ,’ എ എന്‍ രാധാകൃഷ്ണന്‍ കയര്‍ത്തു. സിപിഐഎം നേതാവ് എം സ്വരാജ് അരമണിക്കൂറോളം മാധ്യമങ്ങളോട് സംസാരിച്ചെന്നും പൊലീസ് എതിര്‍ത്തില്ലെന്നും ബിജെപി നേതാവിന്റെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ആരോപിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് എഎന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്കനുകൂലമായ ശക്തമായ അടിയൊഴുക്ക് മണ്ഡലത്തിലുണ്ടെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ‘നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ട്. ഞങ്ങള്‍ക്കനുകൂലമായ അടിയൊഴുക്ക് ഇവിടെ നടക്കുന്നുണ്ട്. ആ അടിയൊഴുക്കില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.ഇടത് പക്ഷത്തിന് 42,000 വോട്ടോ ഉള്ളൂ. ഈ മഞ്ഞക്കുറ്റി പാവപ്പെട്ടവന്റെ അടുക്കളയില്‍ അടിച്ചപ്പോള്‍ പതിനായിരം വോട്ടുകള്‍ പോയി. ഒ രാജഗോപാലിന് ശേഷം എന്‍ഡിഎയില്‍ നിന്നും ഞാന്‍ കേരള നിയമസഭയിലെത്തും,’ എഎന്‍ രാധാകൃഷ്ണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.