നെഹ്റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്.ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.
നെഹ്റു ട്രോഫി വള്ളം കളിയുടെ ട്രാക്കിന്റെയും ഹീറ്റ്സിന്റെയും നറുക്കെടുപ്പ് ശനിയാഴ്ച്ച ഉച്ചയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ ക്യാപ്റ്റന്‍സ് ക്ലിനിക്ക് നടത്തും. യോഗത്തില്‍ വള്ളം കളിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിയമാവലികളും ക്ലബ്ബുകളുടെ ക്യാപ്റ്റന്മാര്ക്ക് നല്‍കും. 22 വള്ളങ്ങളാണ് ഇത്തവണ ചുണ്ടന് വിഭാഗത്തില്‍ മത്സരിക്കുന്നത്.
സെപ്തംബര്‍ നാലിന് തന്നെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിക്കുന്നതിനാല്‍ നിയമ നടപടികള്‍ കര്‍ശനമായിരിക്കും. വള്ളംകളി പൂര്‍ത്തിയാക്കുന്നതിലും കൃത്യമായ സമയക്രമം പാലിക്കണം. നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ക്ലബ്ബുകള്‍ നടപടി നേരിടേണ്ടി വരും. അതേസമയം വള്ളംകളി കാണാന്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം അവസരമൊരുക്കുന്നുണ്ട്.