കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ നേപ്പാൾ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ ഇതുവരെ 68 മൃതദേഹങ്ങൾ കണ്ടെത്തി. ലാൻഡിങ്ങിന് തൊട്ടു മുൻപാണ് യതി എയർലൈൻസിന്റെ എടിആർ 72 എന്ന ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് വരുകയായിരുന്നു വിമാനം. പൊഖാറ വിമാനത്താവളത്തിലെ റൺവേയിലാണ് വിമാനം തകർന്ന് വീണത്. തകർന്ന് വീണയുടൻ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. അപകട സ്ഥലത്ത് നിന്ന് ഇതുവരെ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് നേപ്പാൾ ആർമി വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് ഇന്ത്യക്കാരടക്കം ആകെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നാല് പേർക്ക് വേണ്ടി ഊർജിതമായ തിരച്ചിൽ നടക്കുന്നുണ്ട്. ദുരന്തത്തിൽ അനുശോചിച്ച് നേപ്പാൾ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് കണ്ടെത്തി. പ്രധാന ഭാഗങ്ങളായ കോക്‌പിറ്റ് വോയ്‌സ് റെക്കോർഡറിനും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിനും കേടുപാടുകൾ ഇല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കണ്ടെത്തിയ ബ്ളാക്ക് ബോക്സ് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് (CAAN) കൈമാറിയതായി യെതി എയർലൈൻസിന്റെ വക്താവ് സുദർശൻ ബർതൗള വ്യക്തമാക്കിയിട്ടുണ്ട്. വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ നിർദ്ദേശിക്കാനും നേപ്പാൾ സർക്കാർ വിദഗ്ധരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്.