കണ്ണൂർ: കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം പണിയുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ ഈ മാസംതന്നെ പൂർത്തിയാക്കുമെന്ന് വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ അഡ്വ. മേയർ ടി.ഒ. മോഹനൻ വ്യക്തമാക്കി. നിലവിൽ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇനി വേണ്ടത് സാങ്കേതികാനുമതിയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതിയ കോർപ്പറേഷൻ ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിട്ടെങ്കിലും തുടർന്നുവന്ന എൽ.ഡി.എഫ്. സർക്കാർ ആവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മേയർ പറഞ്ഞു.കഴിഞ്ഞദിവസം കോർപ്പറേഷൻ കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണ് ഒരാൾക്ക് പരിക്കേൽക്കാനിടയായ സംഭവം ചർച്ചയായതിനെത്തുടർന്നാണ് മേയർ ഇക്കാര്യം പരാമർശിച്ചത്. ഇൗ വിഷയം ടി. രവീന്ദ്രനാണ് ഉന്നയിച്ചത്. റോഡുകളുടെയും മറ്റും പ്രവൃത്തികൾ ഏറ്റെടുക്കുന്ന കരാറുകാർ ജോലി കഴിഞ്ഞശേഷം അവശിഷ്ടങ്ങൾ നീക്കാതെ പോകുന്ന കാര്യം അഡ്വ. പി.കെ. അൻവർ സൂചിപ്പിച്ചു. ഇനിമുതൽ പ്രവൃത്തി നടത്തിയ സ്ഥലത്തെ കൗൺസിലർ അറിഞ്ഞശേഷമേ ബില്ല് പാസാക്കേണ്ടതുള്ളൂവെന്ന് മേയർ പറഞ്ഞു.
കോർപ്പറേഷൻ 29-ാം വാർഡിലെ കിഴുത്തള്ളി-കൈനാട്ടി റോഡിൽ വിദേശമദ്യ ഔട്ട്‍ലെറ്റ് തുടങ്ങുന്നതിനെതിരേ കൗൺസിലർ പി.കെ. സജേഷ്‌കുമാർ സംസാരിച്ചു. ഈ റോഡ് വളരെ വീതികുറഞ്ഞതും സ്കൂൾ വിദ്യാർഥികൾ ഉപയോഗിക്കുന്നതുമാണ്. സമീപത്തായി ഒട്ടേറെ വീടുകളുമുണ്ട്. ഇൗ സാഹചര്യത്തിൽ വിദേശ മദ്യഷോപ്പ് അനുവദിക്കരുതെന്ന പ്രമേയം ഏകകണ്ഠമായി യോഗം അംഗീകരിച്ചു.കോർപ്പറേഷൻ പരിധിയിൽ വർധിച്ചുവരുന്ന തെരുവുനായശല്യത്തിന്റെ കാര്യം എൻ. സുകന്യ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പരിഹാരമായി തെരുവുനായകളെ പാർപ്പിക്കാനുള്ള കേന്ദ്രം ഒരുക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുമെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ അറിയിച്ചു.