പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ത്, എന്തിന്?- സമഗ്രപഠനം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്ന, ഒരുപാട് വിവാദങ്ങളും ആശങ്കകളും ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ നയത്തെ സമഗ്രമായി പരിശോധിക്കുകയും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുകയും ചെയ്യുന്ന പഠനമാണ് സേവ് എജ്യുക്കേഷന്‍ കമ്മിറ്റി മലയാളത്തില്‍ പ്രസിദ്ധീകരിച്ച ‘പുതിയ ദേശീയ വിദ്യാഭ്യാസനയം 2020- എന്ത്, എന്തിന്?’ എന്ന പുസ്തകം.
ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ ഏത് വിദ്യാഭ്യാസ പരിഷ്‌ക്കാരവും സൂക്ഷ്മവും വസ്തുതാപരവുമായ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. നിര്‍ഭാഗ്യവശാല്‍ NEP 2020 യെ കുറിച്ച് നമ്മുടെ സമൂഹത്തിന് വേണ്ടത്ര അവബോധം ഇനിയും ഉണ്ടായിവന്നിട്ടില്ല. ഈ പഠനം അവതരിപ്പിക്കുന്ന വിമര്‍ശനാത്മക വിശകലനം ദേശീയ വിദ്യാഭ്യാസനയത്തെ സമഗ്രമായി മനസ്സിലാക്കാന്‍ സഹായിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുരോധമായ മാറ്റങ്ങള്‍ കേരളത്തിലും നടപ്പിലാകുകയാണ്. കേരള പാഠ്യപദ്ധതി ചട്ടക്കൂട് ഇതിന് ഉദാഹരണമാണ്. പാഠ്യപദ്ധതി ചട്ടക്കൂട് എന്ന പേരിൽ ഇപ്പോൾ നടക്കുന്ന ചർച്ചയും തട്ടിപ്പാണ്. ദേശീയ വിദ്യാഭ്യാസനയത്തിന് അനുരോധമായി പാഠപുസ്തകങ്ങൾ ഉൾപ്പടെ തയ്യാറാക്കി വെച്ചിട്ടാണ് ഈ ചർച്ചാ പ്രഹസനം നടത്തുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ ദേശീയവിദ്യാഭ്യാസ നയത്തിന് അടിയറവെയ്ക്കുകയാണ് പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെയും ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെയും ലക്ഷ്യം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ രണ്ടാം ഭാഗം പുറത്തുവിടാതെയിരുന്നു കൊണ്ട് പാഠ്യപദ്ധതി ചട്ടക്കൂടിനെ സംബന്ധിച്ചു നടത്തുന്ന ചര്‍ച്ചകള്‍ പ്രഹസനം മാത്രമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചയും കൂടാതെ പാസാക്കിയ എൻ.ഇ.പി – 2020 നെ കുറിച്ച് തുറന്ന സംവാദങ്ങള്‍ക്ക് സേവ് എജ്യുക്കേഷന്‍ കമ്മിറ്റി വേദി ഒരുക്കും. സംസ്ഥാന തലത്തില്‍ നൂറുവേദികള്‍ ഉടന്‍ സംഘടിപ്പിക്കും.
പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയെ സംബന്ധിച്ച് അഖിലേന്ത്യാ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി തയ്യാറാക്കിയ സമഗ്രപഠനത്തിന്‍റെ പ്രകാശനം കണ്ണൂർ പ്രസ് ക്ലബില്‍ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ സ്റ്റുഡന്റ്സ് ഡീനും സാഹിത്യകാരനുമായ വി.എസ് അനിൽ കുമാർ, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. സേവ് എജ്യുക്കേഷന്‍ കമ്മിറ്റി കണ്ണൂർ ജില്ലാ സെക്രട്ടറി പ്രൊഫ: കെ.പി. സജി പുസ്തകത്തെ അധികരിച്ച് സംസാരിച്ചു.
സേവ് എജ്യുക്കേഷന്‍ കമ്മിറ്റി കണ്ണൂർ ജില്ലാ നേതാക്കളായ കെ. ബാബുരാജൻ, അഡ്വ.പി.സി. വിവേക് , അഡ്വ. ഇ. സനൂപ് എന്നിവര്‍ സംസാരിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസനയം എന്ത്, എന്തിന്?- സമഗ്രപഠനം പ്രകാശനം ചെയ്തു
Image Slide 3
Image Slide 3