തൃശൂർ: തൃശൂർ-പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. പാളം തെറ്റിയ സ്ഥലത്ത് നിന്ന് ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തി. മലബാർ എക്സ്പ്രാണ് ആദ്യം കടത്തിവിട്ടത്. ആദ്യത്തെ കുറച്ചു ട്രയിനുകൾക്കും വേഗ നിയന്ത്രണമുണ്ടാകുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. പുതിയ പാളത്തിന്റെ ബല പരിശോധന പൂർത്തിയാക്കി ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്. ഇരുവരി ഗതാഗതം ഉടൻ തുടങ്ങാൻ സാധിക്കുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.ഇന്നലെ ഉച്ചയോടെയാണ് തൃശ്ശൂർ പുതുക്കാട് വെച്ച് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വേഗത കുറച്ചാണ് ട്രെയിൻ കടന്ന് പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ലെന്നതിനാൽ അപകട വ്യാപ്തി കുറഞ്ഞു. എന്നാൽ ട്രെയിൻ പാളം തെറ്റിയതോടെ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഒമ്പത് ട്രെയിനുകൾ റദ്ദാക്കേണ്ടിവന്നു. ആറെണ്ണം ഭാഗികമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം^ഷൊർണൂർ വേണാട് എക്സ്പ്രസ്
ഷൊർണൂർ^എറണാകുളം മെമു
കോട്ടയം^നിലന്പൂർ എക്സ്പ്രസ്
എറണാകുളം^പലക്കാട് മെമു
എറണാകുളം^കണ്ണൂർ ഇന്റർസിറ്റി
ഗുരുവായൂർ^എറണാകുളം എക്സ്പ്രസ്
എറണാകുളം^തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്
തിരുവനന്തപുരം^എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
എറണാകുളം ആലപ്പുഴ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
കണ്ണൂർ^ ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും
ഗുരുവായൂർ^തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
ഗുരുവായൂർ^പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും
പുനലൂർ^ഗുരുവായൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും
തിരുനെൽവേലി^പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും
ട്രെയിൻ സമയത്തിൽ മാറ്റം
16307 – ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് ഷൊർണൂർ മുതൽ മാത്രം സർവീസ്
06798 – എറണാകുളം – പാലക്കാട് മെമു ആലുവ മുതൽ മാത്രം സർവീസ്
12678 – എറണാകുളം – ബംഗളുരു ഇന്റർസിറ്റി ഒരു മണിക്കൂർ വൈകി രാവിലെ 10.10-ന് പുറപ്പെടും