ദുബായ്> ദുബായിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമലംഘകർക്ക് 50,000 ദിർഹമാണ് പിഴ. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015ലെ ഡിക്രി നമ്പർ 29 ലെ ചില ആർട്ടിക്കിളുകളിൽ ഭേദഗതി വരുത്തിയാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ട്രാഫിക് നിയമം സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്.
ശിക്ഷാ നടപടികൾ ശക്തിപ്പെടുത്തുക, ഗതാഗത സുരക്ഷ ഉറപ്പാക്കുക, അപകടങ്ങൾ കുറയ്ക്കുക, റോഡുകളിൽ സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ ഭേദഗതികളുടെ ലക്ഷ്യം. ഇതുകൂടാതെ വാഹനങ്ങളുടെ ഭരണപരവും നിർബന്ധിതവുമായ പിടിച്ചെടുക്കലിന്റെ പ്രത്യേക കേസുകൾ ഡിക്രി വ്യവസ്ഥ ചെയ്യുന്നു. മുൻകൂർ അനുമതിയില്ലാതെ റോഡിൽ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്ന വാഹനങ്ങളും നടപ്പാതയിലൂടെ സഞ്ചരിക്കുന്ന വിനോദ മോട്ടോർസൈക്കിളുകളും പുതിയ ഭേദഗതികൾ പ്രകാരം കണ്ടുകെട്ടും. ഹെവി ഡ്യൂട്ടി ട്രക്കിന്റെ എമിറാത്തി അല്ലാത്ത ഡ്രൈവർ ചുവപ്പ് ലൈറ്റ് ചാടിയാൽ നാടുകടത്തും. ചുവന്ന ലൈറ്റ് ചാടുന്നവർക്ക് 50,000 ദിർഹം പിഴ ചുമത്തും.
വേഗപരിധി വർധിപ്പിക്കുകയോ വാഹനമോടിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളും പൊലീസ് പിടികൂടും. ട്രാഫിക് പിഴ 6,000 ദിർഹം കവിഞ്ഞാലും വ്യാജ പ്ലേറ്റ് നമ്പറോ വ്യക്തമല്ലാത്ത പ്ലേറ്റ് നമ്പറോ ഉപയോഗിച്ച് വാഹനം ഓടിച്ചാലും ദുബായ് പോലീസ് വാഹനം പിടിച്ചെടുക്കും.