സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പൊലീസ് മേധാവി നിർദ്ദേശം നൽകി. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം.നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി 726 ക്യാമറകളാണ് സ്ഥാപിക്കുന്നത്. 235 കോടിരൂപയാണ് ഇതിന്റെ ചെലവ്. 2013ൽ ദേശീയസംസ്ഥാന പാതകളിൽ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 97 എണ്ണം മാത്രമാണ്. നേരത്തെ ക്യാമറ വെച്ചതും ഇപ്പോൾ പുതിയത് സ്ഥാപിക്കുന്നതും കെൽട്രോണാണ്. സ്പീഡ് ക്യാമറകളിൽ നിന്ന് 2022 വരെ 105 കോടിയാണ് പിഴയീടാക്കിയിട്ടുള്ളത്. അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകൾ ഒപ്പിയെടുത്തിരുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കൽ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും.