///
12 മിനിറ്റ് വായിച്ചു

“സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം സിപിഎം നിലപാടല്ല”; എഫ്ബി പോരാളികളെ തള്ളി കോടിയേരി

‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സി.പി.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

‘ന്നാ താന്‍ കേസ് കൊട്’ സിനിമ ബഹിഷ്കരിക്കാന്‍ പാര്‍ട്ടി ആഹ്വാനമില്ല. സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം സിപിഎം നിലപാടല്ല. വിരുദ്ധനിലപാടുള്ളവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. ഇത്തരം പ്രചാരണങ്ങളിലൂടെ സിനിമ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വിവാദങ്ങളുടെ അകമ്പടിയോടെ ആയിരുന്നു റിലീസ്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിമർശനങ്ങള്‍ക്ക് വഴിവച്ചത്.

സര്‍ക്കാരിന് എതിരെയാണ് പോസ്റ്റര്‍ എന്ന തരത്തില്‍ കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു. കുഞ്ചാക്കോ ബോബന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകള്‍ നിറഞ്ഞിരുന്നു. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ ചിത്രത്തിന് പിന്തുണയുമായി രം​ഗത്തെത്തി. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം.

ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം.വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ വിമര്‍ശനങ്ങളില്‍ പ്രതികരിച്ചത്.  ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version