ന്യൂഡൽഹി
ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും വർഗീയസംഘർഷം ആളിപ്പടർത്താനുള്ള സംഘപരിവാർ സംഘടനകളുടെ ശ്രമം തുടരുന്നു. നൂഹിൽ ബുധനാഴ്‌ച രാത്രി രണ്ട് പള്ളികൾകൂടി കത്തിച്ചു. നൂഹിലെ പഴയ ബസ്‌സ്റ്റാൻഡിന് സമീപം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഞ്‌ജലി ജയിനും മകളും സഞ്ചരിച്ച കാർ അക്രമികൾ അടിച്ചുതകർത്തശേഷം കത്തിച്ചു. തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപ്പെട്ടത്.
ഗുരുഗ്രാം സെക്‌ടർ 70ലെ ചേരിപ്രദേശത്ത് രാത്രി ബൈക്കുകളിലെത്തിയ സംഘം ഇതരസംസ്ഥാന തൊഴിലാളികളോട് ഒഴിഞ്ഞുപോകാൻ ഭീഷണിപ്പെടുത്തി. ചൊവ്വ മുതൽ തന്നെ ഗുരുഗ്രാമിൽനിന്നും നൂഹിൽനിന്നും ഇതരസംസ്ഥാന തൊഴിലാളികൾ പലായനം തുടങ്ങിയിട്ടുണ്ട്. നൂഹിൽ വിജയ്‌ചൗക്കിലെ പള്ളിയാണ് അക്രമികൾ കത്തിച്ചത്. പൊലീസ് സ്‌റ്റേഷന് സമീപത്തായി മറ്റൊരു പള്ളിയും കത്തിനശിച്ചു. എന്നാൽ ഇത് ഷോർട്ട്‌സർക്ക്യൂട്ട് ആകാമെന്ന് പൊലീസ് അറിയിച്ചു. സിസിടിവിയും മറ്റും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് പ്രതികരിച്ചു. നൂഹിനോട് ചേർന്നുള്ള പൽവൽ ജില്ലയിലും നിരവധി പള്ളികൾക്കുനേരെ ആക്രമണമുണ്ടായി.
ഹരിയാനയിലെ നൂഹിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടായ അഞ്‌ജലി ജയിനും മൂന്നു വയസ്സുള്ള മകളും അക്രമികളിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഇവർ സഞ്ചരിച്ച കാർ അക്രമികൾ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്‌തു. നൂഹിലെ പഴയ ബസ്‌സ്‌റ്റാൻഡിൽ വച്ചാണ് മജിസ്‌ട്രേട്ടിന്റെ കാർ ആക്രമിക്കപ്പെട്ടത്.
നൂഹിലെ എസ്‌ഐഎം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് മടങ്ങുമ്പോഴാണ് മജിസ്‌ട്രേട്ടിന്റെ കാർ കലാപകാരികൾക്ക് മുന്നിൽപ്പെട്ടത്. ഡ്രൈവറും ഗൺമാനും ഒപ്പമുണ്ടായിരുന്നു. കല്ലേറിൽ കാറിന്റെ ജനൽ ചില്ല് തകർന്നപ്പോൾത്തന്നെ നാലുപേരും പുറത്തിറങ്ങി പ്രാണരക്ഷാർഥം ഓടി. ഇതിനിടെ വെടിവയ്‌പും ആരംഭിച്ചു. ബസ്‌സ്‌റ്റാൻഡിന് സമീപമുള്ള വർക്ക്‌ഷോപ്പിൽ നാലുപേരും മണിക്കൂറുകളോളം ഒളിച്ചിരുന്നു. പിന്നീട് ചില അഭിഭാഷകർ എത്തിയാണ് ഇവരെ രക്ഷിച്ചത്. ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.