/
17 മിനിറ്റ് വായിച്ചു

മര്‍ദ്ദിച്ചിട്ടില്ല, ടിക്കറ്റില്ലാത്തതിനാല്‍ ഇറക്കിവിട്ടു, ന്യായീകരിച്ച് എഎസ്ഐ

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍  യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി എ എസ്ഐ പ്രമോദ് . യാത്രക്കാരനെ ചവിട്ടിയിട്ടില്ലെന്നാണ് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രമോദ് പറയുന്നത്.ടിക്കറ്റില്ലാത്തത് കൊണ്ട് യാത്രക്കാരനെ വടകര റെയിൽവേ സ്റ്റേഷനിൽ  ഇറക്കിവിടുക മാത്രമാണ് ചെയ്തത്. ഇയാൾ ആരെന്ന് അറിയില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും എഎസ്ഐ പറഞ്ഞു. ടിക്കറ്റില്ലാതെ മദ്യപിച്ചാണ് ഇയാള്‍ ട്രെയിനില്‍ കയറിയതെന്നാണ് എഎസ്ഐ പറയുന്നത്. സ്ത്രീകളുള്ള സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്‍റില്‍ ഇരുന്ന ഇയാളെ എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് വടകര സ്റ്റേഷനെത്തിയപ്പോള്‍ അവിടെ ഇറക്കിയെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ടിക്കറ്റില്ലാതെ മാവേലി എക്സ്പ്രസിന്‍റെ സ്ലീപ്പര്‍ കോച്ചില്‍ കയറിയ ആള്‍ക്കാണ് എഎസ്ഐ പ്രമോദില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സ്ലീപ്പർ കോച്ചില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെ പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു.

യാത്രക്കാരൻ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് ദൃശ്യങ്ങൾ പകർത്തിയ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരൻ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ക്രൂരമായ മർദ്ദനം കണ്ടതോടെ ഇടപെട്ടു. എന്നാൽ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്‍ വിശദീകരിച്ചതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് പുറത്തുവരുന്നത്. കേരളത്തിലെ പൊലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിന്‍റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ മാവേലി എക്സ്പപ്രസിൽ നടന്ന സംഭവം. രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂർണ്ണമായും സർക്കാരിന്‍റെ കയ്യിൽ നിന്ന് നഷ്ടമായിരിക്കുകയാണ്. ഇപ്പോൾ പാർട്ടി നേതൃത്വമാണ് എല്ലാ തലത്തിലും പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. പൊലീസിലെ മുകൾ തട്ടിലുള്ള ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥൻ വരെയുള്ള സംവിധാനത്തിന്റെ താളക്രമം മുഴുവൻ തെറ്റി. പഴയകാലത്തെ സെൽഭരണം പുതിയ രീതിയിൽ അവതരിപ്പിക്കപ്പെടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!