ഇരിട്ടി: കേരളാ – കർണ്ണാടകാ അതിർത്തിയിൽ കേരളത്തിന്റെ അധീനതയിലുള്ള കച്ചവട സ്ഥാപനങ്ങൾക്കുൾപ്പെടെ കർണ്ണാടകാ വനം വകുപ്പിന്റെ നോട്ടീസ് . കച്ചവട സ്ഥാപനത്തിന്റെ ചുമരിലാണ് നോട്ടീസ് പതിച്ചത്. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് അനുമതിയോ സമ്മതപത്രമോ ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്നും ഇല്ലാത്തപക്ഷം ഒഴിഞ്ഞു പോകണമെന്നും കാണിച്ചാണ് നോട്ടീസ്. ഇതോടെ അഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന കുടുംബങ്ങൾ ഉൾപ്പെടെ കുടിയിറക്ക് ഭീഷണിയിലായി.നിലവിൽ കർണ്ണാടകയിലെ ബേട്ടോളി പഞ്ചായത്തിൽ ഉൾപ്പെടെ കെട്ടിട നമ്പർ ഉള്ള രണ്ട് കച്ചവട സ്ഥാപനങ്ങൾക്കും പായം പഞ്ചായത്തിൻ്റെ കെട്ടിട നമ്പർ ഉള്ള സജീർ എന്നയാൾ കച്ചവടം ചെയ്യുന്ന കടയിലും നോട്ടീസ് പതിച്ചിട്ടുണ്ട്. കർണ്ണാടകത്തിലെ മാക്കൂട്ടം പോലീസ് എയ്ഡ് പോസ്റ്റിന് സമീപമുള്ള വിജേഷ്, ബാബു എന്നിവരുടെ സ്ഥാപനങ്ങളിലും വനംവകുപ്പിന്റെ നോട്ടീസ് പതിച്ചിട്ടുണ്ട്.
കർണ്ണാടകയുടെ മാക്കൂട്ടം കൊവിഡ് ചെക്ക് പോസ്റ്റിന് സമീപം കേരളത്തിലെ ഭൂമിയിലുള്ള സജീറിൻ്റെ കടക്ക് ഒരു മാസം മുമ്പും ബേട്ടോളി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള കുടിയിറക്ക് നോട്ടീസ് ലഭിച്ചിരുന്നു . ഇതോടെ കേരളത്തെ പ്രതിനിധീകരിച്ച് ഇരിട്ടി താഹസിൽദാർ ടി.വി. പ്രകാശൻ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി എന്നിവർ ഉൾപ്പെട്ട സംഘം വീരാജ് പേട്ടയിൽ ബേട്ടോളി പഞ്ചായത്തിൽ എത്തി ചർച്ച നടത്തിയിരുന്നു. സംയുക്ത സർവേ നടത്തി പ്രതിസന്ധി പരിഹരിക്കുന്ന വരെ പ്രകോപനപരമായ നീക്കങ്ങൾ പാടില്ലെന്ന് അന്ന് തീരുമാനിച്ചതായിരുന്നു.ഈ തീരുമാനം ലംഘിച്ചാണ് ഇപ്പോൾ അതേ സ്ഥാപനത്തിൽ തന്നെ മാക്കൂട്ടം ബ്രഹ്മഗിരി വൈൽഡ് ലൈഫ് റേഞ്ചർ നോട്ടീസ് പതിച്ചിട്ടുള്ളത്. ഇവിടെ പായം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അഞ്ചോളം കുടുംബങ്ങളുടെ വീടുകളിലും ഒരു മാസം മുൻപ് നോട്ടീസുമായി കർണ്ണാടക അതികൃതർ എത്തിയെങ്കിലും ആരും നോട്ടീസ് കൈ പറ്റിയിരുന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം ഇവരെത്തി സജീറിന്റെ കടയുടെ മുൻഭാഗത്ത് ചുവരിൽ നോട്ടീസ് പതിക്കുകയായിരുന്നു. സജീർ പായം പഞ്ചായതത്തുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ടിട്ടുണ്ട്.