//
10 മിനിറ്റ് വായിച്ചു

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഇനി വനിതകൾക്കും ഡ്രൈവറായി നിയമനം

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഇനി വനിതകൾക്കും ഡ്രൈവറായി ജോലി ചെയ്യാം. തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുതബസുകളിലേക്ക് ആണ് പുതിയ വനിതാ ഡ്രൈവർമാരെ നിയമിക്കുക. നിലവിൽ 400 ഡ്രൈവർമാരുടെ ഒഴിവുകളാണുള്ളത്. വനിതകൾക്കുശേഷമുള്ള ഒഴിവുകളാകും പുരുഷന്മാർക്ക് നൽകുക.കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ എത്തുന്ന വൈദ്യുതബസുകളിലേക്കാണ് പുതിയ ഡ്രൈവർമാരെ വേണ്ടത്. ഒമ്പതുമീറ്റർ നീളമുള്ള ചെറിയ ബസുകളാണ് നഗരത്തിൽ ഉപയോഗിക്കുന്നത്.

മാതൃസ്ഥാപനമായ കെ.എസ്.ആർ.ടി.സി.യിൽ വനിതാ കണ്ടക്ടർമാർ ഏറെയുണ്ടെങ്കിലും ഡ്രൈവർമാർ വിരളമാണ്. കർശനവ്യവസ്ഥകളോടെയാണ് നിയമനം. രാവിലെ അഞ്ചുമുതൽ രാത്രി പത്തുവരെ വിവിധ ഡ്യൂട്ടികളിൽ ജോലിചെയ്യേണ്ടിവരും. ഹെവി ഡ്രൈവിങ് ലൈസൻസുള്ളവർക്കും ഹെവി ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളവർക്കും നിയമനസാധ്യതയുണ്ട്. ഹെവി ലൈസൻസില്ലാത്തവർക്ക് കെ.എസ്.ആർ.ടി.സി. ഒരുമാസം പരിശീലനം നൽകും. ഇത്തരത്തിൽ നിയമനം നേടുന്നവർ 12 മാസം തുടർച്ചയായി ജോലിചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടി നിർബന്ധമാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾ 30,000 രൂപ സുരക്ഷാനിക്ഷേപം നൽകണം. മാസം മിനിമം ഡ്യൂട്ടി ചെയ്യാത്തവരിൽനിന്ന്‌ ഈ തുക നഷ്ടപരിഹാരമായി ഈടാക്കും. ഒരുമാസത്തെ പരിശീലനത്തിനുശേഷം ഹെവി ലൈസൻസ് നേടാൻ കഴിയാത്തവർക്കും സുരക്ഷാനിക്ഷേപം നഷ്ടമാകും.

എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അലവൻസുകളും ലഭിക്കും. അധികം ജോലിചെയ്യുന്ന ഒാരോ മണിക്കൂറിനും 130 രൂപ വീതം ലഭിക്കും. ബസ് വൃത്തിയായി സൂക്ഷിക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക, ടയർ പഞ്ചറായാൽ മാറ്റിയിടാൻ കണ്ടക്ടറെ സഹായിക്കുക തുടങ്ങി കർശനവ്യവസ്ഥകളോയാണ് നിയമനം. യാത്രക്കാരോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാൽ നോട്ടീസ് നൽകാതെ പിരിച്ചുവിടും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version