ഉമ്മയുടെ പരാതിയെത്തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം മകളെയും കുടുംബത്തെയും തറവാട് വീട്ടിൽ നിന്നും പൊലീസ് കുടി ഒഴിപ്പിച്ചു. അത്തായക്കുന്ന് റഹ്മാനിയ്യപള്ളിക്കടുത്തുള്ള ജമീലയുടെ (72) പരാതിയിൽ മകൾ സാജിതയെയും 4 മക്കളെയുമാണ് ശനിയാഴ്ച കാലത്ത് ടൗൺ സി.ഐ ബിനു മോഹനന്‍റെ നേതൃത്വത്തിൽ പൊലീസെത്തി വീട്ടിൽ നിന്ന് ഒഴിപ്പിച്ചത്. ജമീലയെ മകൾ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന് നേരത്തെ ജില്ല കലക്ടർക്ക് പരാതി നൽകിയതിനെത്തുടർന്ന് സാജിതയോട് വീട്ടിൽ നിന്നും ഒഴിയാൻ കലക്ടർ ഉത്തരവിട്ടെങ്കിലും ഒഴിഞ്ഞു പോകാൻ വിസമ്മതിച്ചു. ഇതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് കാലത്ത് ടൗൺ എസ്.ഐ നസീബ്, തളിപ്പറമ്പ് ആർ.ഡി.ഒ, തഹസിൽദാർ, ചൈൽഡ് വെൽഫെയർ ഓഫീസർ എന്നിവരെയും കൂട്ടി പൊലീസ് സംഘമെത്തി വീടൊഴിപ്പിച്ച് വാതിൽ പൂട്ടിയത്. വീട്ടിൽ നിന്നും മകൾ പുറത്താക്കിയ ജമീല 96 കാരിയായ മാതാവോടൊപ്പം വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.