ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. ഷര്‍ട്ടും മുണ്ടും ധരിച്ചതിന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു.നിലമ്പൂർ മാനവേദന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് നടുറോഡില്‍ കൂട്ടത്തല്ലുണ്ടാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഓണാഘോഷത്തിന് ഷര്‍ട്ടും മുണ്ടും ധരിച്ചുവരരുതെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് അനുസരിക്കാതെ വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് വാക്ക് തര്‍ക്കത്തിലേക്കും തല്ലിലും കലാശിച്ചത്.
നേരത്തേയും സിനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മുണ്ടുടുക്കുന്നതില്‍ നിന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വിലക്കിയതെന്നാണ് വിവരം. തല്ലില്‍ ഒരു വിദ്യാര്‍ത്ഥിയുടെ എല്ലിന് പൊട്ടലുണ്ട്. ഒടുവില്‍ ലാത്തി വീശിയാണ് വിദ്യാര്‍ത്ഥികളെ പൊലീസ് ഓടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തേക്കും.