കണ്ണൂർ : ഓണത്തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ കോർപ്പറേഷൻ ഓഫീസിൽ ചേർന്ന ഗതാഗത കമ്മിറ്റി യോഗത്തിൽ തീരുമാനം.
സെപ്റ്റംബർ നാലുമുതൽ പഴയ ബസ്‌സ്റ്റാൻഡിലേക്ക് ബസുകൾക്ക് പ്രവേശനം അനുവദിക്കില്ല. പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകൾ ജില്ലാ ബാങ്ക്-സ്റ്റേഡിയം വഴി പോകണം. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കില്ല.
പോലീസിന്‍റെ നിർദേശങ്ങൾക്കനുസരിച്ചുമാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം.കോർപ്പറേഷനിൽനിന്ന് മുൻകൂട്ടി അനുവാദം വാങ്ങിയവർക്കുമാത്രമേ നഗരത്തിൽ തെരുവുകച്ചവടത്തിന് സ്ഥലം അനുവദിക്കുകയുള്ളൂ. താത്കാലിക പൂക്കച്ചവടം നടത്തുന്നതിന് പഴയ ബസ്‌സ്റ്റാൻഡിൽ സൗകര്യമൊരുക്കും.
കോർപ്പറേഷനിൽ നേരത്തേ അപേക്ഷ നൽകിയവർക്കുമാത്രമേ ഇതിന് അനുവാദം നൽകൂ. നടപ്പാതയിൽ പ്രത്യേകിച്ച് പ്ലാസ ജങ്‌ഷൻ, ഫോർട്ട് റോഡ്, മുനീശ്വരൻ കോവിൽ, സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ തെരുവുകച്ചവടം അനുവദിക്കില്ല.
യോഗത്തിൽ മേയർ അഡ്വ. ടി.ഒ.മോഹനൻ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ സിയാദ് തങ്ങൾ, എം.പി.രാജേഷ്, അഡ്വ. പി.ഇന്ദിര, കൗൺസിലർ ടി.രവീന്ദ്രൻ, കോർപ്പറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ, ഡെപ്യൂട്ടി തഹസിൽദാർ ഷൈലേന്ദ്രൻ, കണ്ണൂർ ട്രാഫിക് എസ്.ഐ. വി.വി.മനോജ് കുമാർ, കണ്ണൂർ ടൗൺ എസ്.ഐ. ബാബു ജോൺ തുടങ്ങിയവർ പങ്കെടുത്തു.