//
10 മിനിറ്റ് വായിച്ചു

ഓണപ്പരീക്ഷ 16 മുതൽ 24 വരെ ; 25ന്‌ സ്‌കൂൾ അടയ്‌ക്കും, അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ തുറക്കും

തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങും. 19ന്‌ പ്രധാന പിഎസ്‌സി പരീക്ഷയുള്ളതിനാലാണ്‌ ഈ ക്രമീകരണം. പ്ലസ്‌ വൺ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാൽ ക്ലാസ്‌ തലത്തിലാണ്‌ പരീക്ഷ സംഘടിപ്പിക്കുക. 25ന്‌ ഓണാഘോഷത്തിനുശേഷം സ്‌കൂൾ അടയ്‌ക്കും. അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ സ്‌കൂൾ തുറക്കും.

സർ, മാഷ്, ടീച്ചർ വിളി തുടരാം
അധ്യാപകരെ കുട്ടികൾ മാഷ്‌, സർ, ടീച്ചർ എന്ന്‌ വിളിക്കുന്നതിന്‌ പകരം ലിംഗ സമത്വം പാലിച്ച്‌ ഏകീകൃത പേര്‌ ഏർപ്പെടുത്തണമെന്ന ബാലാവകാശ കമീഷൻ നിർദേശം നടപ്പാക്കരുതെന്ന്‌ ക്യുഐപി യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. സർ, മാഷ്‌, ടീച്ചർ എന്ന്‌ അധ്യാപകരെ വിളിക്കുന്നത്‌ കാലങ്ങളായി തുടർന്നുവരുന്നതാണ്‌. ഏതെങ്കിലും അധ്യാപകൻ എന്നെ മാഷ്‌ എന്ന്‌ വിളിക്കരുത്‌ സർ എന്ന്‌ വിളിക്കണമെന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ല. കുട്ടികൾ അവർ ജീവിക്കുന്ന പശ്‌ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ വിളിക്കുന്ന ശൈലി മാറ്റേണ്ടെന്നാണ്‌ യോഗം ഏകകണ്‌ഠമായി ശുപാർശ ചെയ്‌തത്‌.

ദിവസവേതനത്തിന്‌ നിയമിക്കപ്പെട്ട അധ്യാപകർക്ക്‌ അതത്‌ സമയം വേതനം ഉറപ്പാക്കുക, പാഠപുസ്‌തക വിതരണത്തിൽ വിരമിച്ച അധ്യാപകർക്കുള്ള ബാധ്യതാ പ്രശ്‌നം പരിഹരിക്കുക എന്നടക്കമുള്ള നിർദേശങ്ങളും യോഗം ശുപാർശ ചെയ്‌തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാജഹാൻ അധ്യക്ഷനായി. എൻ ടി ശിവരാജൻ (കെഎസ്‌ടിഎ),  പി കെ മാത്യു (എകെഎസ്‌ടിയു) തുടങ്ങി അംഗീകാരമുള്ള അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version