കണ്ണൂര്‍: ബിജെപി വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്. അത് ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പാണ്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിക്കുന്നത്. പുതിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുകളുയരുന്നത് സ്വാഭാവികമാണ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി അംഗത്വ ക്യാമ്പയിൻ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മുന്നോട്ട് വച്ച പ്രകടനപത്രിക കേവലം വോട്ട് തട്ടിയെടുക്കാനുള്ള ആകര്‍ഷകമായ മുദ്രാവാക്യമെന്ന നിലയ്ക്കായിരുന്നില്ല. മറിച്ച് കൃത്യമായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. റിട്ട ഡിവൈഎസ്പി പി. സുകുമാരന്‍, കോണ്‍ഗ്രസ്സ് മുന്‍ ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് എം.കെ. രാജു എന്നിവര്‍ കുമ്മനം രാജശേഖരനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ സമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആര്. സുരേഷ് നന്ദിയും പറഞ്ഞു.