/
17 മിനിറ്റ് വായിച്ചു

‘പ്രചരണം തെറ്റ്, മണിക്കുട്ടനില്‍ നിന്നും ഈടാക്കിയത് 5000 രൂപ മാത്രം’; ഭക്ഷ്യസുരക്ഷാ വിഭാഗം

കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കുടുംബനാഥന്റെ തട്ടുകടയ്ക്ക് അരലക്ഷം പിഴ ഈടാക്കിയെന്ന ആരോപണം തള്ളി ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം. 5000 രൂപ പിഴ മാത്രമാണ് ഈടാക്കിയതെന്ന് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ പ്രതികരിച്ചു. ഇതിന്റെ റസീപ്റ്റ് ട്രഷറിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ‘അഭിയെന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തട്ടുകടയില്‍ പരിശോധന നടത്തിയത്.പോത്ത് ഇറച്ചിയാണെന്ന വ്യാജേന കടയില്‍ നിന്നും പട്ടിയിറച്ചിയാണ് നല്‍കിയത് എന്ന സംശയം ചൂണ്ടികാട്ടിയാണ് പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ 29 ാം തിയ്യതി രാവിലെ ആറ്റിങ്ങല്‍ സര്‍ക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഉള്‍പ്പെടുന്ന ടീം പരിശോധനക്കായി പോയി. ശേഷം രജിസ്‌ട്രേഷന്‍ ഹാജരാക്കിയില്ല, വൃത്തിയില്ലായ്മ എന്നിങ്ങനെ പത്തോളം ന്യൂനതകള്‍ കാണിച്ച് കടയുടെ ഉടമസ്ഥന് നോട്ടീസ് അയച്ചു. അതിനോടൊപ്പം രജിസ്‌ട്രേഷന്‍ ഹാജരാക്കാത്തതിനാല്‍ പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാണെന്ന് അറിയിച്ച് അവര്‍ എഴുതി ഒപ്പിട്ടു തന്നു. മണികുട്ടന്‍ എന്നയാള്‍ക്ക് വേണ്ടി ഗിരിജ എന്ന സ്ത്രീയാണ് ഒപ്പിട്ട് തന്നത്. ഇതിന്റെ മഹ്‌സറും റിപ്പോര്‍ട്ടും ജില്ലാ ഓഫീസിലേക്ക് മെയില്‍ ലഭിച്ചിട്ടുണ്ട്.

30 ാം തിയ്യതി ഒരു മണിയോട് അടുപ്പിച്ച് ഒരാള്‍ക്കൊപ്പം ഗിരിജ ഓഫീസിലേക്ക് വന്നു.അത് മണിക്കുട്ടനാണോയെന്ന് അറിയില്ല. കടയ്ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടെന്നും പരിശോധന നടക്കുന്ന സമയം അത് മണിക്കുട്ടന്റെ കൈയ്യിലായിരുന്നുവെന്നും തനിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്നും ഗിരിജ പറഞ്ഞു. പരിശോധിച്ചപ്പോള്‍ അത് ശരിയായിരുന്നു. മറ്റ് ന്യൂനതകള്‍ പരിഹരിച്ചെന്നും അവര്‍ വ്യക്തമാക്കി. അക്കാര്യം സ്ഥലം ഇന്‍സ്‌പെക്ടറെ ഞാന്‍ അറിയിച്ചു. പരിശോധിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കി. ഫൈന്‍ എന്തായാലും ഈടാക്കണം. തട്ടുകടയ്ക്ക് 5000 രൂപയാണെന്ന് ഞാന്‍ ഗിരിജയെ അറിയിച്ചു. ട്രഷറിയില്‍ അടക്കണമെന്നും അറിയിച്ചു. അവര്‍ അത് സമ്മതിച്ച് മടങ്ങി. മൂന്ന് ദിവസം സമയമുണ്ടെന്നും അറിയിച്ചു. മൂന്ന് മണിക്ക് അവര്‍ തിരിച്ചുവന്നു.പണം അടച്ച രസീത് ഉള്‍പ്പെടെയാണ് തിരിച്ചുവന്നത്. ഇത്രയുമാണ് സംഭവിച്ചത്. 50000 രൂപ പിഴ ഈടാക്കി എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്.’അനില്‍കുമാര്‍ പറഞ്ഞു.

മരണം സാമ്പത്തിക ബാധ്യത മൂലമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ചാത്തന്‍പാറ സ്വദേശി കടയില്‍ വീട്ടില്‍ മണിക്കുട്ടനും (46), ഭാര്യ സന്ധ്യ (36), മക്കള്‍ അമേയ (13), അജീഷ് (19), അമ്മയുടെ സഹോദരി ദേവകി (85) എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്റെ തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ഈടാക്കിയെന്നായിരുന്നു പ്രചരണം.മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവര്‍ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കടയിലെ ജീവനക്കാരന്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version