/
9 മിനിറ്റ് വായിച്ചു

പ്രതിപക്ഷ പാർടികളുടെ യോഗം ബംഗ്ലുരുവിൽ ജൂലൈ 17, 18 തീയതികളിൽ

ന്യൂഡൽഹി> മോദി സർക്കാരിന്റെ വർഗീയ– ഫാസിസ്‌റ്റ്‌ നിലപാടുകൾക്കെതിരായി ദേശീയതലത്തിൽ രൂപപ്പെടുന്ന ഐക്യം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർടികൾ ജൂലൈ 17, 18 തീയതികളിലായി ബംഗ്ലുരുവിൽ യോഗം ചേരും. ജൂലൈ 13, 14 തീയതികളിൽ യോഗം ചേരുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നെങ്കിലും ബീഹാറിലെയും കർണാടകയിലെയും നിയമസഭാ സമ്മേളനം മുൻനിർത്തി 17, 18 തീയതികളിലേക്ക്‌ മാറ്റുകയായിരുന്നു.

പട്‌നയിൽ ജൂൺ 23 ന്‌ ചേർന്ന പ്രതിപക്ഷ പാർടികളുടെ ആദ്യ യോഗം ബിജെപിയ്‌ക്കെതിരെ ദേശീയതലത്തിൽ യോജിച്ചുനീങ്ങാൻ ഏകകണ്‌ഠമായി തീരുമാനമെടുത്ത്‌ പിരിയുകയായിരുന്നു. 15 പാർടികളുടെ പ്രതിനിധികൾ ആദ്യ യോഗത്തിനെത്തിയിരുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറായിരുന്നു ആദ്യ യോഗത്തിന്റെ സംഘാടകൻ. രണ്ടാമത്തെ യോഗം വിളിച്ചുചേർക്കാൻ കോൺഗ്രസിനെയാണ്‌ ചുമതലപ്പെടുത്തിയിരുന്നത്‌. ജൂലൈ രണ്ടാം വാരം ഷിംലയിൽ യോഗം ചേരാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്‌. പിന്നീട്‌ ബംഗ്ലുരുവിലേക്ക്‌ മാറ്റുകയായിരുന്നു.

ജൂലൈ 17, 18 തീയതികളിലാണ്‌ യോഗമെന്ന്‌ കോൺഗ്രസിന്റെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്‌ അറിയിച്ചത്‌. ബീഹാറിൽ ജൂലൈ 10 മുതൽ 14 വരെ നിയമസഭ സമ്മേളിക്കുന്നുണ്ട്‌. തിങ്കളാഴ്‌ച ആരംഭിച്ച കർണാടക നിയമസഭാ സമ്മേളനം ജൂലൈ 14 വരെ തുടരും. നിയമസഭ സമ്മേളിക്കുന്നതിനാൽ തനിക്കും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ജൂലൈ 14 വരെ അസൗകര്യമുണ്ടെന്ന്‌ നിതീഷ്‌ കുമാർ കോൺഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ്‌ സമ്മേളന ദിവസത്തിൽ മാറ്റം വരുത്തിയത്‌.
വിവിധ സംസ്ഥാനങ്ങളിൽ ഐക്യം എങ്ങനെ സാധ്യമാകും എന്നതാകും ബംഗ്ലുരു യോഗത്തിൽ ചർച്ചയാവുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!