സംസ്ഥാനത്ത് ഒരു വികസനവും നടപ്പാക്കാൻ വിടില്ലെന്ന വാശിയോടെയാണ് വലതുപക്ഷ ശക്തികൾ നീങ്ങുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തുടർഭരണം ലഭിച്ചതുമുതൽ സർക്കാറിനെതിരെ യു.ഡി.എഫും ബി.ജെ.പിയും ഒറ്റയ്‌ക്കും കൂട്ടായും കള്ളപ്രചാരവേല ആരംഭിച്ചതാണ്. കടന്നാക്രമണത്തിന്റെ നിലയിലേക്കിത് മാറിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനത്തിന്‍റെ 83ാം വാർഷികാചരണത്തോടനുബന്ധിച്ച് പാറപ്രത്ത് ‘ഭരണഘടന, മതനിരപേക്ഷത, ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ട് പാർട്ടിയാണെങ്കിലും ഒരേ മനസ്സോടെയാണ് ബി.ജെ.പിയും കോൺഗ്രസും എൽ.ഡി.എഫ് സർക്കാരിനെതിരെ നീങ്ങുന്നത്. ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല കലക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് എല്ലാവിധ സഹായവും നൽകുകയാണ് കോൺഗ്രസ്.
ആർ.എസ്.എസിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയായി കോൺഗ്രസ് മാറി. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിന് വർഗീയതയെ പ്രതിരോധിക്കാനാവില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സി.പി.എം ഏരിയാസെക്രട്ടറി കെ. ശശിധരൻ അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം ടി. ഷബ്‌ന, വി. ലീല, കെ.കെ. രാജീവൻ, ടി. സുധീർ, എം. മോഹനൻ, പി.എം. ദിഷ്‌ണപ്രസാദ്, കെ.കെ. രാഘവൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയായശേഷം ആദ്യമായി പിണറായിയിലെത്തിയ എം.വി. ഗോവിന്ദനെ പാറപ്രം സമ്മേളന സ്‌മാരക സ്‌തൂപം പരിസരത്തുനിന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഏരിയാ സെക്രട്ടറി ഉപഹാരം നൽകി. ക്ലബ് കോ ഓഡിനേഷൻ കമ്മിറ്റിയുടെ കലാസന്ധ്യയുമുണ്ടായി.